വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ വേണ്ട; കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി പി രാജീവ്

വ്യവസായ വകുപ്പില്‍ മിന്നല്‍പരിശോധനകള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കിറ്റെക്‌സുമായി ബന്ധപ്പെട്ട വിഷയം അതീവ ഗൗരവമായി കാണുന്നുവെന്നും വ്യവസായ മന്ത്രി പി രാജീവ്. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. തന്റെ നിര്‍ദേശപ്രകാരമാണ് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിലെത്തിയത്. കിറ്റെക്‌സ് മാനേജ്‌മെന്റുമായി സംസാരിച്ചുവെന്ന് പറഞ്ഞ മന്ത്രി, നാടിന് ക്ഷീണമുണ്ടാക്കുന്ന രീതിയില്‍ ആരും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ക്കുപിന്നാലെ കിറ്റെക്‌സില്‍ രാഷ്ട്രീയ വേട്ടയാടല്‍ നടന്നിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ അവകാശപ്പെട്ടു. കിറ്റെക്‌സില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇടപെട്ടതെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയവും വ്യവസായവും രണ്ടായി കാണുന്ന സര്‍ക്കാരാണിത്. കമ്പനിയിലെ തൊഴില്‍ ചൂഷണം പരിശോധിക്കേണ്ട കാര്യമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം വ്യക്തമാക്കി. അതിനിടെ കിറ്റെക്‌സിനോട് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു.