കലിയടങ്ങാതെ പടയപ്പ, മൂന്നാറിൽ ബസിന്റെ ചില്ല് തകർത്തു

ഇടുക്കി : തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ എന്ന കാട്ടുകൊമ്പന്‍ തമിഴ്നാട് ആര്‍ടിസിയുടെ ബസ് ആക്രമിച്ചു. കൊമ്പും തുമ്പിക്കൈയും ഉപയോഗിച്ച് ആന ബസ് തള്ളിമറിക്കാന്‍ ശ്രമിക്കവെ ഡ്രൈവർ ഹോൺമുഴക്കി രക്ഷപ്പെടുകയായിരുന്നു. ബസിന്റെ ചില്ല് തകർത്തു.

വാഹനത്തിന് മുമ്പില്‍ അരമണിക്കൂറോളം നിലയുറപ്പിച്ച കാട്ടാന പതിയെ വഴിമാറിയതോടെയാണ് വാഹനം കടന്നുപോയത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് പ്രദേശത്ത് പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മൂന്നാർ – മറയൂർ അന്തർസംസ്ഥാന പാതയിൽ ആന കാറും ബൈക്കും തകർത്തിരുന്നു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്.

മൂന്നാർ സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. തേയിലക്കാട്ടിനുള്ളിൽ മറ്റ് രണ്ട് ആനകൾ നിൽക്കുന്നത് കണ്ട് ഫോട്ടോയെടുക്കാൻ വണ്ടി നിർത്തിയതായിരുന്നു. ഇതിനിടയിലാണ് പടയപ്പ എത്തിയത്. ആന കൊമ്പുകൊണ്ട് കാറിൽ അമർത്തി. കാറിന്റെ മുകൾ വശം തകർന്നിരുന്നു.