ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത് പാക്കിസ്ഥാൻ പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്∙ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സമാധാനത്തിനായി ആഹ്വാനം ചെയ്ത് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശത്തോട് ട്വിറ്ററിലൂടെ പ്രതികരിക്കുമ്പോഴാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനത്തിനും വികസനത്തിനും ഷഹബാസ് ഷരീഫ് ആഹ്വാനം ചെയ്തത്.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിലും കശ്മീർ വിഷയം ഉൾപ്പെടെ ഷഹബാസ് ഉയർത്തിക്കാട്ടിയിരുന്നു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾക്ക് നന്ദി. ഇന്ത്യയുമായി സമാധാനപൂർണവും സഹകരണത്തിലധിഷ്ഠിതവുമായ ബന്ധമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്. ജമ്മു കശ്മീർ വിഷയത്തിൽ ഉൾപ്പെടെ സമാധാനപൂർണമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്’ – ഷഹബാസ് ഷരീഫ് ട്വീറ്റ് ചെയ്തു.