കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്‍ അപ്പീല്‍ നല്‍കാമെന്ന് പാകിസ്താന്‍; ഇന്ത്യയുടെ നിയമപോരാട്ടം ഫലം കണ്ടു

ന്യൂഡല്‍ഹി: പാകിസ്താന്റെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവാദം. പാകിസ്താന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇതിനായുള്ള ബില്ലിന് അംഗീകാരം നല്‍കി. ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി പുറത്തിറക്കിയ വിധിയുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ പാര്‍ലമെന്റിലേക്ക് ബില്‍ എത്തിയത്. പാകിസ്ഥാന്‍ നിയമകാര്യ മന്ത്രി ഡോക്ടര്‍ മുഹമ്മദ് ഫറൂഖ് നസീം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ജൂലൈ 2019ലാണ് ഇത് സംബന്ധിച്ച നിര്‍ദേശം അന്താരാഷ്‌ട്ര നീതിന്യായ കോടതി നല്‍കിയത്.

ചാരവൃത്തി ആരോപിച്ചാണ് 2017ല്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ നാവിക സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു കുല്‍ഭൂഷണ്‍. കച്ചവട ആവശ്യങ്ങള്‍ക്കായി പോയതിന് പിന്നാലെയാണ് പാകിസ്താനില്‍ വെച്ച്‌ അറസ്റ്റിലാകുന്നത്. ചാരവൃത്തി ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത കുല്‍ഭൂഷണെതിരെ പാകിസ്താന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി.

തുടര്‍ന്ന് ഇന്ത്യ നടത്തിയ നീണ്ട കാലത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് കുല്‍ഭൂഷണെതിരെയുള്ള വധശിക്ഷയില്‍ അപ്പീല്‍ നല്‍കാനുള്ള ബില്ല് പാകിസ്താന്‍ അംഗീകരിച്ചത്. ഇതോടെ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹത്തിന് നിയമസഹായങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിക്കും. ബില്‍ പ്രകാരം പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന വിദേശ പൗരന് പാക് പട്ടാള കോടതിയുടെ വിധി രാജ്യത്തെ ഏത് ഹൈക്കോടതിയിലും സ്വമേധയാ അല്ലെങ്കില്‍ സ്വന്തം രാജ്യത്തെ നിയമ സംവിധാനം വഴി അപ്പീല്‍ നല്‍കാവുന്നതാണ്.