പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി,അപകടത്തെക്കുറിച്ച് പക്രു

ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. തിരുവല്ല ബൈപ്പാസിൽ വെച്ചാണ് അപകടം സംഭവിച്ചത്. പക്രുവിന്റെ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തിൽ വെച്ചായിരുന്നു സംഭവം.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിർ ദിശയിൽ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റൊരു കാറിൽ പക്രു കൊച്ചിയിലേക്ക് പോയി. തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പറഞ്ഞുള്ള പക്രുവിന്റെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി. എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു. സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞുവെന്നും ഗിന്നസ് പക്രു കുറിച്ചിരുന്നു. നിരവധി പേരാണ് പക്രുവിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. പ്രാർത്ഥനയുണ്ട്, സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോഴാണ് ആശ്വാസമായത്. എല്ലാവർക്കും നന്ദിയെന്നും പോസ്റ്റിന് താഴെയായി പക്രു കുറിച്ചിരുന്നു.

സുഹൃത്തുക്കളെ, ഇന്ന് രാവിലെ. തിരുവല്ലയിൽ വെച്ച് ഞാൻ ഒരു കാറപകടത്തിൽപ്പെട്ടു. പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും, അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ് ഐ ഹുമയൂൺ സാറിനും, സുഹൃത്തായ മാത്യു നൈനാനും , വീട്ടിലെത്തിച്ച ട്വിൻസ് ഇവൻസ് ഉടമ ടിജുവിനും നന്ദി.