ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽ ഷാൾ ഉപയോഗിച്ചു മുറുക്കി ശ്വാസംമുട്ടിച്ചു, മകനെ അമ്മ ഇല്ലാതാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

കാമുകനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള മകനെ ഷാൾ കൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മയുടെ മൊഴി. സംഭവത്തിൽ കാമുകനോ മറ്റു ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തതു പ്രതി ഒറ്റയ്ക്കാണെന്നും പൊലീസ് . ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണു എലപ്പുള്ളി മണ്ണുക്കാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ കൊല്ലപ്പെട്ടത്.

പ്രതി ആസിയയെ (23) കോടതി റിമാൻഡ് ചെയ്തു. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽ ചുരുദാറിന്റെ ഷാൾ ഉപയോഗിച്ചു മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, കുട്ടി എഴുന്നേൽക്കുന്നില്ലെന്നു പറഞ്ഞു നിലവിളിച്ചുകൊണ്ടു മുറിക്കു പുറത്തേക്ക് ഓടി. ബന്ധുക്കളും നാട്ടുകാരും ചേർന്നു കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

ആസിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്നു ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഷാളും ഇതിലുണ്ടായ രക്തക്കറയും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തി. ഡിവൈഎസ്പി പി.സി.ഹരിദാസ്, കസബ ഇൻസ്പെക്ടർ എസ്.എസ്.രാജീവ്, എസ്ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.

കേൾവിക്കും സംസാരത്തിനും പരിമിതിയുള്ള ഭർത്താവിൽ നിന്ന് ഒരു വർഷത്തോളമായി അകന്നാണ് ആസിയ കഴിഞ്ഞിരുന്നത്. ബന്ധുക്കൾ നിർബന്ധിച്ചിട്ടും വഴങ്ങിയില്ല. സമൂഹമാധ്യമം വഴി യുവാവുമായി അടുപ്പത്തിലായ വിവരം അറിഞ്ഞപ്പോഴും ബന്ധുക്കൾ വിലക്കിയിരുന്നു. ആസിയയുടെ പശ്ചാത്തലമറിയാത്ത യുവാവ് ഒരാഴ്ച മുൻപാണ് വിവാഹിതയും ഒരു കുട്ടിയുടെ അമ്മയാണെന്നും അറിഞ്ഞത്. ഇതോടെ ഇയാൾ പിന്മാറി. ഇതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും വീണ്ടും അടുക്കാനുള്ള ശ്രമമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.