പാലക്കാട് ദുരഭിമാനക്കൊല; തെളിവെടുപ്പ് തുടങ്ങി

പാലക്കാട് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് തുടങ്ങി. കൊലപാതകം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.

അനീഷിനെ കള്ളക്കേസില്‍ കുടുക്കാന്‍ നേരത്തേയും ശ്രമം നടന്നിരുന്നുവെന്ന് അനീഷിന്റെ അമ്മ രാധ വെളിപ്പെടുത്തിയിരുന്നു. സ്ത്രീധനം ചോദിച്ചുവെന്ന് ആരോപിച്ച് ഹരിതയുടെ കുടുംബം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അനീഷിന്റെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനാണെന്ന് രാധ ആരോപിച്ചു. മകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നും രാധ പറഞ്ഞു. ഹരിതയെ തങ്ങള്‍ സംരക്ഷിക്കുമെന്നും അനീഷിന്റെ അമ്മ പറഞ്ഞു.

ദുരഭിമാനക്കൊലയ്ക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് അനീഷിന്റെ അച്ഛന്‍ അറുമുഖന്‍ പറഞ്ഞു. അനീഷ് പുറത്തുപോയ വിവരം ആരോ സുരേഷിനെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞാണ് കൃത്യം നടപ്പാക്കാനായി പ്രതികള്‍ എത്തിയതെന്നും അച്ഛന്‍ അറുമുഖന്‍ പറഞ്ഞു. അന്വേഷണം ജില്ലാ െ്രെകം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് ഇന്നലെ ഇറങ്ങിയിരുന്നു. െ്രെകം ബ്രാഞ്ച് ഡിവൈഎസ്പിമാരായ പ്രഭാകരനും, ബാലകൃഷണനുമാണ് അന്വേഷണ ചുമതല. അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കാലിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിന് കാരണമായി. രക്ത ദമനികള്‍ മുറിഞ്ഞുപോയെന്നും തുടയില്‍ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രണയ വിവാഹത്തിന്റെ പേരില്‍ തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പില്‍ കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അനീഷിന്റെ സഹോദരന്‍ കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ്. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പണ്‍കുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.