ആര്‍എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് എഫ്‌ഐആര്‍. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് കണ്ടാലറിയാവുന്ന അഞ്ച് പേരെന്ന് എഫ്‌ഐആറില്‍ പറയുന്നു. മമ്പറം പുതുഗ്രാമത്ത് വച്ച് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപാതകം നടന്നുവെന്നാണ് എഫ്‌ഐആര്‍ പറയുന്നത്. എന്നാല്‍ എന്താണ് കൃത്യം കൊലപാതകകാരണമെന്ന് എഫ്‌ഐആറില്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. പ്രതികളുടെ പേരുകളും എഫ്‌ഐആറിലില്ല.

ഇതിനിടെ പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് കാറിലെത്തിയ അഞ്ചംഗസംഘം സഞ്ജിത്തിനെ ഇടിച്ചുവീഴ്ത്തി ആക്രമിച്ചത്. തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.

അതേസമയം സംഭവത്തില്‍ പൊലീസ് പ്രതിയെന്ന് കരുതപ്പെടുന്നയാളുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിരുന്നു. മുഖ്യദൃക്‌സാക്ഷി സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക തന്നെയാണ്. കേസുമായി ബന്ധപ്പെട്ട് ചില എസ്ഡിപിഐ പ്രവര്‍ത്തകരുടെ മൊഴിയെടുത്തെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പ്രതികള്‍ക്കായി തമിഴ്‌നാട്ടിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.