പഞ്ചായത്ത് അസി. സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി, സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കത്ത്

പാലക്കാട്. നെൻമാറ പഞ്ചായത്തിലെ അസി. സെക്രട്ടറിയെ കാണാനില്ലെന്ന് പരാതി. രാവിലെ ഓഫിസിലെത്തിയ എലവഞ്ചേരി സ്വദേശി സുബൈര്‍ അലിയെയാണ് കാണാതായത്. സിപിഎം നേതാവിനെതിരെ ഓഫീസിൽ കത്തെഴുതി വെച്ചാണ് ഇദ്ദേഹം പോയത്.

കൊല്ലങ്കോട് സിപിഎം ഏരിയ സെക്രട്ടറിക്കെതിരെയാണ് കത്ത്. ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ 4-ാം തിയതി തന്‍റെ ക്യാബിനിലെത്തി സിപിഎം മെമ്പര്‍മാര്‍ വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പ്രശ്നമുണ്ടായിക്കിരുന്നുവെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പരിപാടിക്കായി പാർക്ക് മൈതാനം ബുക്ക് ചെയ്തതിന് ഫീസ് അടച്ചിട്ടിണ്ടോയെന്ന് സുബൈർ ചോദിച്ചതാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്.

സംഭവത്തിൽ ഗ്രാമപഞ്ചായത്ത് സുബൈർ തദ്ദേശ സ്വയം ഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ജോലിക്ക് തടസ്സമാകുന്ന രീതിയിൽ പൊതുജനമധ്യത്തിൽ ജീവനക്കാരെ അവഹേളിച്ച നടപടിയിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ജീവനക്കാർ കറുത്ത മാസ്‌ക് അണിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം സുബൈറിന് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും കത്തിൽ സൂചനയുണ്ട്. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് നെൻമാറ പോലീസിൽ പരാതി നൽകി.