അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി, ആരുടേയും നിർബന്ധ പ്രകാരമല്ല രാഹുലിനെ ന്യായീകരിച്ചത്, സ്വന്തം കുടുംബത്തിനെതിരെ ആരോപണവുമായി യുവതി

കൊച്ചി: പന്തീരാങ്കാവ് പീഡന കേസിൽ സ്വന്തം കുടുംബത്തിനെതിരെ ആരോപണവുമായി യുവതി. യുവതി വീണ്ടും തന്റെ യൂട്യൂബ് ചാനൽ വഴി വീഡിയോ സന്ദേശം പുറത്തുവിട്ടു. തന്റെ യൂട്യൂബിൽ ഇന്ന് യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയിലാണ് കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ചത്. ആദ്യത്തെ വീഡിയോ 18 മിനിറ്റോളവും രണ്ടാമത്തെ വീഡിയോ മൂന്നര മിനിറ്റിലേറെയുമാണ് ദൈര്‍ഘ്യമുള്ളത്.

ആരുടേയും നിർബന്ധ പ്രകാരമല്ല വീഡിയോ വഴി രാഹുലിനെ ന്യായീകരിച്ചതെന്ന് യുവതി പറയുന്നു. വീട്ടിൽ നിന്ന് വീഡിയോ റിലീസ് ചെയ്യാൻ ആകില്ലെന്നും തനിക്കെതിരെ വീട്ടുകാരുടെ വധഭീഷണി ഉണ്ടായെന്നും പറഞ്ഞ യുവതി സ്വന്തം വീട്ടിൽ താൻ സുരക്ഷിതയല്ലെന്നും പറഞ്ഞു.

രഹസ്യ മൊഴി നൽകുന്ന സമയത്ത് സത്യം പറയുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അച്ഛൻ ആത്മഹത്യാ ഭീഷണി മുഴക്കി. അച്ഛൻ ആത്മഹത്യാ ശ്രമത്തിന് ഒരുങ്ങുന്നത് നേരിട്ട് കണ്ട് ഭയന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസിപിയോട് കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ കിട്ടിയ കേസായതിനാൽ വിട്ടുവീഴ്‌ച ചെയ്യാനാവില്ലെന്ന് എസിപി പറഞ്ഞതായും യുവതി പുതിയ വീഡിയോയിൽ പറഞ്ഞു.

ഒരു വക്കീൽ ഒരു ദിവസം രാത്രി വീട്ടിൽ വന്നപ്പോൾ സത്യം പറഞ്ഞു. എന്നാൽ അവര്‍ പോലും സത്യം പറയുന്നത് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞു. മജിസ്ട്രേറ്റിന് മുൻപിലും സത്യം പറയാൻ പറ്റാതെ പോയതും ഇത് മൂലമാണെന്ന് യുവതി പറയുന്നു. താൻ ബന്ധുക്കളോട് പോലും സത്യം പറയണമെന്ന് പറഞ്ഞു. എന്നാൽ ആരും എന്റെ കൂടെ നിന്നില്ല. യുവതിയെ കാണാനില്ലെന്ന് അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും താൻ സുരക്ഷിതയാണെന്ന് യുവതി വെളിപ്പെടുത്തി, .