ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് സമുദായത്തിനും പരിഗണന നല്‍കണം, കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി പരമേശ്വര

ബെംഗളൂരു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കര്‍ണാടക കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചെങ്കിലും തര്‍ക്കം തുടരുന്നതായിട്ടാണ് വിവരങ്ങള്‍. പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് കര്‍ണാടകയിലെ ദളിത് സമുദായത്തില്‍ നിന്നുള്ള നേതാവായ ജി പരമേശ്വരയാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് സമുദായത്തിന് പരിഗണന നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ദളിത് സമുദായത്തിന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണന നല്‍കിയില്ലെങ്കില്‍ തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് ജി പരമെശ്വര കോണ്ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കുന്നു. കോണ്‍ഗ്രസില്‍ ദളിത് സമുദായത്തിന് വലിയ പ്രതീക്ഷകളുണ്ടെന്നും ഇത് മനസ്സിലാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിന് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാടമുണ്ടാകും. തിരിച്ചടിയുണ്ടാകുമ്പോള്‍ മനസ്സിലാക്കുന്നതിലും നല്ലത് ഇപ്പോള്‍ മനസ്സിലാക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. ഏക ഉപമുഖ്യമന്ത്രിയെന്ന് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടങ്കില്‍ ചിലപ്പോള്‍ അത് അദ്ദേഹത്തിന്റെ ശരിയാകും. 2018ലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു പരമേശ്വര. കര്‍ണാടക പിസിസി അധ്യക്ഷനായി കൂടുതല്‍ കാലം പ്രവര്‍ത്തിച്ചതും പരമേശ്വരയാണ്.