രണ്ടാഴ്ചയ്ക്കിടെ അച്ഛനും അമ്മയും വിട പറഞ്ഞു; അക്ഷരാര്‍ത്ഥത്തില്‍ തനിച്ചായി നൗഷാദിന്റെ ഏക മകള്‍ നഷ്‌വ

നിര്‍മ്മാതാവും പാചകവിദഗ്ദനുമായ നൗഷാദിന്റെ പെട്ടന്നുള്ള വിയോഗമേല്‍പ്പിച്ച ആഘാതത്തിലാണ് പ്രീയപ്പെട്ടവര്‍. നൗഷാദിന്റെ വിയോഗം ആകെ തകര്‍ത്തുകളഞ്ഞത് ഏക മകള്‍ നഷ്‌വയെയാണ്. അക്ഷരാര്‍ത്ഥത്തില്‍ തനിച്ചായിരിക്കുകയാണ് പതിമൂന്നുകാരിയായ നഷ്‌വ. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് നഷ്‌വയുടെ അമ്മ മരിച്ചത്. ഇനി അച്ഛന്‍ മാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യത്തിനേറ്റ ആഘാതമായി നൗഷാദിന്റെ പെട്ടന്നുള്ള വിയോഗം.

കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രോഗങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന നൗഷാദിനെ ഷീബയുടെ മരണം വല്ലാതെ തളര്‍ത്തി. രണ്ടാഴ്ചകള്‍ക്കു ശേഷം അദ്ദേഹവും മരണത്തിന് കീഴടങ്ങി. മാതാവിന്റെ മരണം നല്‍കിയ മാനസികാഘാതത്തിലായിരുന്നു നഷ്‌വ. അതൊടൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലും. എന്നാല്‍ നഷ്‌വയെ തനിച്ചാക്കി നൗഷാദും യാത്രയായി.

ചലച്ചിത്ര നിര്‍മാതാവായിരുന്നുവെങ്കിലും പാചകരംഗത്തായിരുന്നു നൗഷാദിന് ഏറെ ആരാധകരുണ്ടായിരുന്നത്. സൗമ്യമായ പുഞ്ചിരിയും ലാളിത്യമാര്‍ന്ന അവതരണ ശൈലിയുമാണ് നൗഷാദിനെ വ്യത്യസ്തനാക്കിയിരുന്നത്. തിരുവല്ലയില്‍ കേറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നാണ് നൗഷാദിന് പാചകത്തോടുള്ള താല്‍പര്യം പകര്‍ന്നു കിട്ടിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കിയ നൗഷാദ് പാചക രംഗത്ത് ചുവടുറപ്പിച്ചു. തുടര്‍ന്ന് ‘നൗഷാദ് ദ ബിഗ് ഷെഫ്’ എന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങി. ഒട്ടനവധി പാചക പരിപാടികളില്‍ അവതാരകനായെത്തുകയും ചെയ്തു.