ഗുജറാത്തില്‍ 14 കാരിയെ പണത്തിനും ഐശ്വര്യത്തിനും വേണ്ടി മാതാപിതാക്കള്‍ ബലി നല്‍കി

ഗാന്ധിനഗര്‍. കേരളത്തിന് പിന്നാലെ ഗുജറാത്തില്‍ നിന്നും ഞെട്ടിക്കുന്ന നരബലി വാര്‍ത്ത. കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടി പ്രായപൂര്‍ത്തിയാകാത്തമകളെ കുടുംബം ബലി നല്‍കി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച നരബലി നടന്നത്. ധാര ഗിര്‍ഡ ഗ്രാമത്തിലെ ഒരു കുടുംബം പ്രായപൂര്‍ത്തിയാകാത്ത 14 കാരിയായ മകളെ ബലി നല്‍കുകയായിരുന്നു.

ബലിക്ക് ശേഷം കുട്ടി പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ കുട്ടിയുടെ മൃതദേഹം നാല് ദിവസം ഇവര്‍ സൂക്ഷിച്ച് വെച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അടുത്ത ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം സംസ്‌കരിച്ചുവെന്നാണ് പോലീസ് പറയുന്നത്. നവരാത്രി ദിവസമാണ് കുട്ടിയെ കുടുംബം ബലി നല്‍കിയത്. സമീപവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്.

പണവും ഐശ്വര്യവും ലഭിക്കുവനാണ് കുടുംബം മകളെ ബലി നല്‍കിയതെന്ന് സമീപവാസികള്‍ പറയുന്നു. കുട്ടിയുടെ മരണം നടന്നിട്ടും ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുട്ടിയുടെ മൃതദേഹം ഇവരുടെ കൃഷി സ്ഥലത്ത് സംസ്‌കരിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു. സൂറത്തിലാണ് കുട്ടിയുടെ പിതാവ് ബിസിനസ് ചെയ്തിരുന്നത്. ആറ് മാസം മുമ്പ് വരെ കുട്ടി സൂറത്തില്‍ പഠിക്കുകയായിരുന്നു. ഒരു കാരണവുമില്ലാതെ കുട്ടിയെ ടിസി വാങ്ങി നാട്ടിലേക്ക് കൊണ്ടുവന്ന് ബലി നല്‍കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.