പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം: 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. 114 പേർക്കാണ് ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. 363 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്. അതിൽ നിന്നുമാണ് 114 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 110 തടവുകാർക്കും 4 ഉദ്യോഗസ്ഥർക്കുമാണ്. ഇന്നത്തെ പരിശോധന പൂർത്തിയാകുമ്പോൾ തടവുകാരും ജയിൽ ജീവനക്കാരും അടക്കം 477 പേർക്കാണ് ഇതിനകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തടവുകാർക്ക് പരോൾ നൽകാൻ സർക്കാർ തീരുമാനിച്ചു. 65 വയസിന് മുകളിൽ പ്രായമുള്ള തടവുകാർക്ക് പരോൾ നൽകാൻ സർക്കാർ തീരുമാനിക്കുന്നത്. ഇതനുസരിച്ച് അറുപതോളം തടവുകാർക്ക് പരോളിലിറങ്ങാനാവും.  ഇന്നലെ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്മ രോഗിയായിരുന്നു യതിരാജ് എന്നാണ് വിവരം. ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ ഈ മാസം 11നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. ജയിലിൽ ആദ്യം രോഗബാധയുണ്ടായതും ഇദ്ദേഹത്തിനായിരുന്നു.

അതേസമയം സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് കേസുകൾ വർധിച്ചുവരുന്നതിനിടെ മരണസംഖ്യയും ഉയരുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം കൂടി സംഭവിച്ചു. തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത് ഇന്ന് വൈറസ് ബാധിച്ച് മരിച്ചത്.

എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് വിജയയുടെ മരണം സംഭവിക്കുന്നത്. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. മെഡിക്കൽ കോളജിൽ വച്ചു ഇന്ന് രാവിലെയാണ് പ്രതാപന്റെ മരണം. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 9 അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.