67 വയസുകാരി മകള്‍ക്ക് ഭക്ഷണം വാരികൊടുത്ത് സംരക്ഷിക്കുന്നത് 87കാരി അമ്മ

കുറുപ്പംപടി: അമ്മയുടെ സ്‌നേഹം അത് എത്ര കാലം കഴിഞ്ഞാലും എത് അവസ്ഥ വന്നാലും മാറില്ല. ഇത്തരത്തില്‍ ഒരു സംഭവമാണ് പുറത്ത് എത്തുന്നത്. അറുപത്തിയേഴ് വയസ്സുള്ള മകളെ തന്റെ എണ്‍പത്തിയേഴാം വയസിലും സംരക്ഷിക്കുകയാണ് ഒരു അമ്മ. രായമംഗലം പഞ്ചായത്ത് 19-ാം വാര്‍ഡില്‍ പീച്ചനാംമുകള്‍ ആയക്കാടന്‍ പാറുക്കുട്ടിയും മകള്‍ ഓമനയുമാണ് ഇവര്‍.

കടുത്ത പ്രമേഹ രോഗിയായ ഓമനയ്ക്ക് കാഴ്ച നഷ്ടമായിരിക്കുകയാണ്. പരസഹായമില്ലാതെ ഒരു കാര്യം പോലും ചെയ്യാന്‍ ഓമനയ്ക്ക് ആകില്ല. നടക്കാനോ സ്വന്തം കാര്യങ്ങള്‍ ചെയ്യാനോ പോലും ഓമനയ്ക്ക് ആകില്ല. രോഗം മൂര്‍ച്ഛിച്ച് ഇടയ്ക്ക് ആശുപത്രിയിലും ചികിത്സ തേടും. ആഹാരം കഴിക്കാനോ മറ്റ് കാര്യങ്ങള്‍ ചെയ്യാനോ പോലും ഓമനയ്ക്ക് പരസഹായമില്ലാതെ ചെയ്യാനാവില്ല.

ഓമനയ്ക്ക് ആഹാരം വാരിക്കൊടുക്കുന്നതും മറ്റ് എല്ലാ കാര്യങ്ങളും അമ്മ പാറുക്കുട്ടിയാണ് ചെയ്യുന്നത്. രോഗബാധിത ആയിരുന്നതിനാല്‍ ഓമനയുടെ വിവാഹവും നടന്നില്ല. മറ്റ് സഹോദരങ്ങള്‍ ഒന്നുമില്ല. വര്‍ഷങ്ങളായി അമ്മ പാറുക്കുട്ടിയും മകള്‍ ഓമനയും ഒറ്റയ്ക്കാണ് കഴിയുന്നത്. പ്രായമായതോടെ ശാരീരിക അസ്വസ്ഥതകളാല്‍ പാറുക്കുട്ടിയും കഷ്ടപ്പെടുകയാണ്. മകളെ ചികിത്സിക്കാനായി പാറുക്കുട്ടി വീടും സ്ഥലവും വിറ്റു. ഇവരുടെ സ്ഥലം വാങ്ങിയയാള്‍ പുറമ്പോക്കില്‍ ചെറിയ ഷെഡ് നിര്‍മ്മിച്ച് കൊടുത്തിട്ടുണ്ട്. ഇവിടെയാണ് ഓമനയും പാറുക്കുട്ടിയും താമസിക്കുന്നത്.

രണ്ട് പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. കൂടാതെ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും പഞ്ചായത്തും സഹായം നല്‍കുന്നുണ്ട്. ഇത് കൊണ്ടാണ് ഇരുവരും ജീവിക്കുന്നത്. പാറുക്കുട്ടിയെയും ഓമനയെയും രണ്ട് മൂന്ന് പ്രാവശ്യം അഭയ കേന്ദ്രത്തില്‍ ആക്കി. എന്നാല്‍ അവിടെ താമസിക്കാന്‍ തയ്യാറാകാതെ വീട്ടിലേക്ക് തിരികെ പോരുകയായിരുന്നു ഇരുവരും എന്നാണ് വാര്‍ഡ് അംഗം പികെ അനസ് പറയുന്നത്.