![mammootty paru1](https://thekarmanews.com/wp-content/uploads/2021/03/mammootty-paru1.jpg)
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഇത് ആദ്യമായി ഒരു സിനിമയില്‍ ഒരുമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസും സിന് – സില് സെല്ലുലോയിഡും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ സല്മാന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
അതേസമയം, വനിതാദിനാശംസകള്‍ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തെ വനിതകളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട പാര്‍വതി നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെക്കാന്‍ ഇതിലും മികച്ച ദിവസമില്ല. ‘ഇക്കയെ വിമര്‍ശിച്ച പാര്‍വതി… നിങ്ങള്‍ക്ക് ഇക്ക നല്കുന്ന സമ്മാനം… ഇതാണ് സ്നേഹം… ഇതാണ് പ്രതികാരം…’ – എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റ്.
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഒരു സിനിമയ്ക്കായി ഒന്നിക്കുമ്പോള്‍ അതില്‍ ഒരുപാട് കൗതുകങ്ങള്‍ കൂടിയുണ്ട്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയില്‍ മമ്മൂട്ടി നായകനായ കസബ സിനിമയെക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഓപ്പണ്‍ ഫോറത്തിനിടെ ആയിരുന്നു സംഭവം. താന്‍ ഈ അടുത്ത് മലയാളത്തില്‍ ഒരു സിനിമ കണ്ടെന്നും തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന് ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരം ആണെന്നുമായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.