ഫ്രാൻസിൽ തടഞ്ഞ വിമാനത്തിലെ യാത്രക്കാർ മനുഷ്യക്കടത്തുകാർക്ക് നൽകിയത് 1.2 കോടി രൂപ, യാത്രക്കാരെ ചോദ്യം ചെയ്യണമെന്ന് പോലീസ്

ന്യൂഡല്‍ഹി. ഇന്ത്യക്കാരുമായിട്ടുള്ള ഫ്രഞ്ച് വിമാനം അധികൃതര്‍ തടഞ്ഞതോടെ പുറത്തുവന്ന മനുഷ്യക്കടത്ത് ശൃംഖലയുടെ സൂത്രധാരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്ന് ഗുജറാത്ത് പോലീസ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ കൂടുതല്‍ പേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്. അതേസമയം മറ്റ് ആളുകള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്.

യാത്രക്കാര്‍ അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലെത്താന്‍ 40 ലക്ഷം മുതല്‍ 1.2 കോടിവരെ നല്‍കിയതായിട്ടാണ് ഗുജറാത്ത് പോലീസ് പറയുന്നത്. അതേസമയം ഇവര്‍ എങ്ങനെയാണ് ഏജന്റുമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയതെന്നും നിക്കരാഗ്വയില്‍ എത്തിയ ശേഷം ഇവരുടെ പദ്ധതി എന്തായിരുന്നുവെന്നും പോലീസ് അന്വേഷിച്ച് വരുകയാണ്.

യാത്രക്കാരെ ചോദ്യം ചെയ്തതിന് ശേഷം മാത്രമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുക. എത്ര പേരെ ഇത്തരത്തില്‍ കടത്തിയിട്ടുണ്ടെന്നും ആരൊക്കെയാണ് ഇങ്ങനെ യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതെന്നും കണ്ടെത്താനാണ് ഗുജറാത്ത് പോലീസ് ശ്രമിക്കുന്നത്.