പാറ്റൂരിലെ ഗുണ്ടാവിളയാട്ടം ; ആക്രമണത്തിന് തൊട്ട് മുൻപ് പ്രതി വിളിച്ചത് സിപിഐ നേതാവിന്‍റെ മകളെ ; ഒളിവിലിരുന്ന് ഉന്നതരെ ബന്ധപ്പെടാൻ ശ്രമിച്ചു

തിരുവനന്തപുരം : കേരളാ പോലീസും ഗുണ്ടാസംഘങ്ങളുമായുള്ള വഴിവിട്ട ബന്ധങ്ങളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. പാറ്റൂരിലെ ഗൂണ്ടാ ആക്രമണത്തിലെ പ്രതി ഒളിവിലിരുന്നു ഉന്നതരെ ഫോണില്‍ വിളിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും സിപിഐ നേതാവിന്‍റെ മകളേയുമാണ് പ്രതി ആരിഫ് ഫോണിൽ വിളിച്ചത്. മുട്ടട സ്വദേശി നിതിനെയും നാലുപേരെയും തലയ്ക്കു വെട്ടി പരുക്കേല്‍പ്പിച്ച കേസിൽ 13 ദിവസം പിന്നിട്ടിട്ടും ആകെയുള്ള ഒന്‍പതു പ്രതികളില്‍ അഞ്ചുപേരെ പിടികൂടാന്‍ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.

കേസിലെ മുഖ്യപ്രതി ഓംപ്രകാശിന്‍റെ കൂട്ടാളിയാണ് ആരിഫ്. കേസിലെ രണ്ടാം പ്രതിയായ ആരിഫ് ഒളിവിലിരിക്കെയാണ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയേയും ഇടതു നേതാവിന്‍റെ ബന്ധുവിനെയും വിളിച്ചത്. വിഡിയോ കോളിലൂടെയായിരുന്നു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയുമായുള്ള ആശയവിനിമയം. വിവരം കിട്ടിയതിനെ തുടര്‍ന്നു പൊലീസ് ഇവരുടെ വീട്ടില്‍ തിരച്ചില്‍ നടത്തി. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ആരിഫ് ഊട്ടിയിലുണ്ടെന്നു പോലീസിന് അറിയാൻ കഴിഞ്ഞു.

സിപിഐ നേതാവിന്‍റെ മകളെ കഴിഞ്ഞ ദിവസത്തിനു പുറമേ ആക്രമണം നടക്കുന്നതിനു തൊട്ടു മുന്‍പും വിളിച്ചിട്ടുണ്ടെന്നുള്ള തെളിവുകള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പേട്ട സി.ഐ സസ്പെന്‍ഡു ചെയ്തിരുന്നു. പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. മ്യൂസിയം സി.ഐക്കും സൈബര്‍ സ്റ്റേഷനിലെ രണ്ടു സി.ഐമാർക്കുമാണ് നിലവിൽ കേസിന്റെ അന്വേഷണച്ചുമതല.