എൻ്റെ പ്രചാരണം എൻ ഡി എക്ക് ഗുണം ഉണ്ടായില്ല, PC George

തൃക്കാക്കരയിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിച്ചതിനു പിന്നാലെ പ്രതികരണവുമായി പിസി ജോർജ്. ബിജിപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണനുവേണ്ടി പിസി ജോർജ് തൃക്കാക്കരയിൽ പ്രചരണത്തിനടക്കമെത്തിയിരുന്നു. തൃക്കാക്കരയിൽ തന്റെ പ്രചരാണവും എൻഡിഎക്ക് ​ഗുണം ചെയ്തില്ലെന്ന് പി.സി ജോർജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. എൻഡിഎയ്ക്ക് വരേണ്ട വോട്ടുകൾ ഉമാ തോമസിന് പോയെന്നും പിണറായി വിരുദ്ധതയാണ് കാരണമെന്നും പി.സി ജോർജ് പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോർജ് പറഞ്ഞു.

മതവിദ്വേഷ പ്രസം​ഗ കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത പി.സി ജോർജ് നേരിട്ട് തൃക്കാക്കരയിലെത്തിയാണ് എൻഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തിയത്. തിങ്കളാഴ്ച തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങാനിരിക്കെ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോർജിന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നാടകമാണ് അറസ്റ്റ് എന്നുവരെ പിസി ജോർജ് ആരോപണമുന്നയിച്ചു. പക്ഷേ ഈ ആരോപണങ്ങളോ, പ്രചാരണ തന്ത്രങ്ങളോ എൻഡിഎയെ മണ്ഡത്തിൽ തുണച്ചില്ല.

അതേ സമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചില്ല എന്നത് എൽഡിഎഫ് ക്യാംപിന് ഷോക്കായിട്ടുണ്ട്. സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിനെതിരായ ജനവിധിയായും പ്രതിപക്ഷം തൃക്കാക്കര ഫലം ഉപയോഗപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി കോൺഗ്രസ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ കെ.വി.തോമസിനും ഫലം വലിയ തിരിച്ചടിയാണ്.