മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് അരുതാത്ത രീതിയില്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്; പി.സി. ജോര്‍ജ്

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി.സി. ജോര്‍ജ്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു എന്നാണ് പി സി ജോർജിന്റെ ആരോപണം. ഉമ്മന്‍ചാണ്ടി തെറ്റുകാരനെന്നും അരുതാത്തത് കണ്ടതിനാല്‍ താൻ ഉമ്മന്‍ചാണ്ടിക്ക് ശത്രുവായി എന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് അരുതാത്ത രീതിയില്‍ കണ്ടത്. രാത്രി 10.30 നാണ് ഞാന്‍ കണ്ടത്. ജോപ്പന്‍ മാത്രമാണ് അന്ന് ഓഫീസിന് മുന്‍പില്‍ ഉണ്ടായിരുന്നത്. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായെന്നും പി.സി. ജോര്‍ജ് പറഞ്ഞു. മൊഴി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ വിജിലന്‍സ് കേസ് വ്യാജമാണെന്ന് പറയുന്നു. അന്ന് മൊഴി നല്‍കാതിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഇന്ന് എന്റെ സ്വന്തമായിരുന്നേനെ. ഉമ്മന്‍ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.