അഭിഷേക് ബച്ചന് ഭയങ്കര ഹ്യൂമര്‍ സെന്‍സാണെന്ന് പേളി; ഫഹദിനെക്കുറിച്ചൊക്കെ സംസാരിക്കുക പതിവാണ്

പ്രേക്ഷകരുടെ പ്രീയതാരമായ പേളിമാണി ഡബിള്‍ സന്തോഷത്തിലാണ് ഇപ്പോള്‍. കുഞ്ഞ് ജനിക്കാന്‍ പോകുന്നു എന്നത് ഒന്നാമത്തെ സന്തോഷമാണെങ്കില്‍ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു എന്നതാണ് രണ്ടാമത്തെ സന്തോഷം. അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച അനുഭവം ഏറെ സന്തോഷകരമായിരുന്നുവെന്ന് പേളി പറയുന്നു. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ലുഡോ എന്ന ബോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെയ്ക്കവെയാണ് നടി അഭിഷേക് ബച്ചനെക്കുറിച്ച് വാചാലയായത്.

അഭിഷേക് ബച്ചന് ഭയങ്കര ഹ്യൂമര്‍ സെന്‍സാണ്. തെന്നിന്ത്യന്‍ സിനിമകളെ കുറിച്ച് ബോളിവുഡ് സിനിമയില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ടത്രെ. ഫഹദ് ഫാസിലിനെയും വിജയ് സേതുപതിയെയുമൊക്കെ കുറിച്ച് ഇവര്‍ സംസാരിക്കാറുണ്ട്. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് എത്തുന്ന മലയാള സിനിമകളെ കുറിച്ചും ഇവര്‍ക്കൊക്കെ നല്ല അഭിപ്രായമാണുള്ളതെന്ന് പേളി പറയുന്നു. അഭിനഷേക് ബച്ചന്‍ റാജ് കുമാര്‍ റാവു തുടങ്ങിയവര്‍ക്കൊപ്പമുള്ള അഭിനയാനുഭവം ഹൃദ്യമായിരുന്നുവെന്ന് പേളി പറയുന്നു. തുറന്ന് അഭിനയിക്കാന്‍ ഇവര്‍ക്കൊന്നും യാതൊരു മടിയുമില്ല. വളരെ സെന്‍സിബിളാണ് എല്ലാവരും.

ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍, രാജ് കുമാര്‍ റാവു തുടങ്ങിയവര്‍ക്കൊപ്പം സ്വപ്‌ന തുല്യമായ വേഷമാണ് പേളിയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.
ബിഗ്ഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് അനുരാഗ് ബസുവിന്റെ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ച വിവരം അറിഞ്ഞത്. രവി വര്‍മ എന്ന ഛായാഗ്രഹകനാണ് പേളിയുടെ ഫോട്ടോകള്‍ അനുരാഗ് ബസുവിന് നല്‍കിയത്. അദ്ദേഹം പേളിയുടെ അച്ഛനുമായി ബന്ധപ്പെടുകയുമായിരുന്നു. ഓഡിഷനൊന്നും ഉണ്ടായിരുന്നില്ല, നഴ്‌സിന്റെ വേഷത്തില്‍ ചില ഫോട്ടോഷൂട്ടുകള്‍ നടത്തി തിരിച്ചുവന്നു. രണ്ട് ദിവസത്തിനകം വിവരം ലഭിച്ചു, ചിത്രത്തില്‍ ഒരു മലയാളി നഴ്‌സിന്റെ വേഷത്തില്‍ തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ട്.

കേരളത്തില്‍ നിന്നും ബാഗ്ലൂരിലെ കോളേജില്‍ പോയി പഠിച്ചപ്പോഴുള്ള വ്യത്യാസമാണ് മലയാള സിനിമയില്‍ നിന്ന് പോയി ബോളിവുഡ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അനുഭവപ്പെട്ടത് എന്ന് പേളി പറയുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൂടുതലും സ്ത്രീകളാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പോലും ഒരു സ്ത്രീയാണ്. മലയാളത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ റോളില്‍ ഇതുവരെ ഒരു സ്ത്രീയും പ്രവൃത്തിച്ചതായി തന്റെ അറിവിലില്ലെന്നും പേളി പറയുന്നു.

കടിഞ്ഞൂല്‍ കണ്മണിക്കായുള്ള കാത്തിരിപ്പിലാണെങ്കിലും ഇപ്പൊള്‍ ഒരു വിയോഗത്തിന്റെ ദുഖത്തിലാണ് പേളിയും കുടുംബവും. പുതിയ ഒരു അതിഥി കൂടിയെത്തിയെങ്കില്‍ നാല് തലമുറകളുടെ സംഗമത്തിന് വേദിയാകേണ്ട സ്ഥലമാണ് പേളിയുടെ വീട്. പക്ഷെ ആ പ്രതീക്ഷകള്‍ക്ക് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ അമ്മമ്മയെ നഷ്ടമായ വേദനയിലാണ് പേളി. അല്‍പ്പം കൂടി കഴിഞ്ഞിരുന്നുവെങ്കില്‍ അടുത്ത തലമുറയിലെ പൊന്നോമനയെ കൂടി കാണാന്‍ അമ്മമ്മക്ക് സാധിച്ചേനെ.

കോവിഡ്, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കഷ്ടപ്പെടുന്ന ഈ വര്‍ഷം ഒരു തവണ പോലും പേളിക്ക് അമ്മമ്മയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ഈ ഒരവസരത്തില്‍ കരുത്തയായി ഇരിക്കാന്‍ തന്നെക്കൊണ്ടാവുന്നില്ല എന്ന് പേളി മനസുതുറന്നിരുന്നു. പേളിയുടെ വിവാഹത്തിന് പേരക്കുട്ടിയെ കവിളത്ത് മുത്തം നല്‍കി ആശീര്‍വദിക്കാന്‍ അമ്മമ്മ ഉണ്ടായിരുന്നു. എന്നാല്‍ പേളിയുടെ കുഞ്ഞ് ജനിക്കുമ്പോള്‍ കവിളത്ത് മുത്തം നല്‍കി സ്വീകരിക്കാന്‍ അമ്മമ്മയില്ല.