ചെറിയെ ചെറിയ കാര്യങ്ങൾക്ക് പോലും സങ്കടപ്പെടും,പെട്ടന്ന് കരച്ചിൽ വരും-‌ പേളി മാണി

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകയാണ് പേളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേളി മലയാളികളുടെ മനസിൽ ഇടം നേടി. നിരവധി ആരാധകരാണ് പേളിക്കുള്ളത്. പേളിയുടെ നിഷ്‌കളങ്കമായ മനസ് തന്നെയാണ് ആരാധകർ പേളിയെ സ്‌നേഹിക്കാൻ കാരണവും. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം മുഴുവനും. ​ഗർഭകാലത്തെ ഓരോ നിമിഷങ്ങളും പേളി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഗർഭകാലത്തെ മൂഡ് സ്വിങ്സിനെക്കുറിച്ച്‌ തുറന്നുപറയുകയാണ് പേളി

പേളിയുടെ വാക്കുകൾ ഇങ്ങനെ,

പെട്ടെന്നാണ് എന്റെ മൂഡ് മാറുന്നത്. ദേഷ്യം അധികമില്ല. പക്ഷേ, സങ്കടം കൂടുതലാണ്. ചെറിയെ ചെറിയ കാര്യങ്ങൾക്ക് പോലും സങ്കടപ്പെടും. ഒരിക്കൽ ശ്രീനി പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുവന്നു. ഞാനന്ന് എന്റെ വീട്ടിലായിരുന്നു. ശ്രീനി എന്നെയൊന്ന് കെട്ടിപ്പിടിച്ചിട്ട്, പിന്നെ മറ്റുളളവരോട് സംസാരിച്ചിരുന്നു. സാധാരണ ശ്രീനി വന്നുകഴിഞ്ഞാൽ കുറെനേരം എന്റെ അടുത്ത് ഇരിയ്ക്കും, എന്നെ ചേർത്ത് പിടിയ്ക്കും. അന്ന് അങ്ങനെ ഒന്നുമുണ്ടായില്ല. അതോടെ ശ്രീനിക്ക് എന്നോട് ഇഷ്ടം കുറഞ്ഞുവെന്ന് പറഞ്ഞ് ഞാൻ കരയാൻ തുടങ്ങി. എന്നെയാർക്കും ഇഷ്ടമല്ല, ഞാൻ തടിവെച്ചു. എനിക്ക് ഭം​ഗിയില്ല. എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു. ഇങ്ങനെ തീരെ ചെറിയ കാര്യങ്ങൾക്കാണ് സങ്കടം വരിക. സമാധാനിപ്പിക്കാൻ വേണ്ടി ശ്രീനി പറയും, നീ കരഞ്ഞാൽ കുഞ്ഞും കരയും. അപ്പോൾ ഞാൻ വീണ്ടും സങ്കടപ്പെടും. ഞാനെന്തൊരു അമ്മയാണ്. ഞാൻ കാരണം കുഞ്ഞ് കരയുകയാണല്ലോ.

അവസാനം ശ്രീനി പറയും, വാവേനെ നമുക്കൊന്ന് പറ്റിക്കാം. എന്നിട്ട് വയറിലേക്ക് നോക്കി, വാവേ ഇവിടെ ഷൂട്ടിങ് നടക്കുകയാണ്. അമ്മ കരയുന്ന സീനിൽ അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്. നീ പേടിക്കണ്ട കേട്ടോ, ഇങ്ങനെയുളള നാടകങ്ങളാണ് വീട്ടിൽ അധികവും നടക്കുന്നത്. മൂഡ് സ്വിങ്സുളള സമയത്ത് നമ്മൾ വിചാരിക്കുന്നത് മുഴുവൻ പൊട്ടത്തരമായിരിക്കും. എനിക്ക് തന്നെ സ്വയമൊരു പിച്ചുവെച്ച്‌ കൊടുക്കാൻ തോന്നും. പക്ഷേ ആ സമയത്തെ കൊഞ്ചലും അറ്റൻഷനുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇതൊക്കെ കാണുമ്പോൾ മമ്മി പറയും, എഴുന്നേറ്റ് പോടി, ഇവിടെ വേറാരും പ്രസവിക്കാത്തപോലെ.

അതേസമയം അനുരാഗ് ബസു സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രമായ ലുഡോവിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സന്തോഷം പങ്കുവച്ച് പേളി എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ നെറ്റ് ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയിരുന്നത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചൻ, രാജ് കുമാർ റാവു, ആദിത്യ റോയ് കപൂർ, സാനിയ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൽ ഒരു നഴ്സിന്റെ വേഷത്തിൽ ആണ് പേളി എത്തുന്നത്.