പ്രതിപക്ഷത്തോടുള്ള ജനങ്ങളുടെ അവിശ്വാസമാണ് പാർലമെന്റിൽ പ്രതിഫലിച്ചത്, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്നു തെളിയിച്ചു, തേജസ്വി സൂര്യ

പാർലമെന്റിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി എം പിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ. 2014ലും 2019ലും ഇന്ത്യൻ പൗരന്മാർ പ്രതിപക്ഷത്തോടുള്ള തങ്ങളുടെ അവിശ്വാസം വെളിപ്പെടുത്തിയതാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. ,ജനങ്ങൾക്ക് പ്രതിപക്ഷത്തിലുള്ള അവിശ്വാസം നിലനിൽക്കുന്നതിനാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും തേജസ്വി സൂര്യ വിമർശിച്ചു.

പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ഇതിനെതിരെ പ്രധാനമന്ത്രി മോദി പ്രതികരിച്ചിരുന്നു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ വിഷയത്തിൽ മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി കോൺഗ്രസിനെ കടന്നാക്രമിക്കുകയായിരുന്നു.

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം I .N.D .I . A കൊണ്ടുവന്ന അവിശ്വാസ പ്രമേയം വൻ പരാജയമായതോടെ പ്രതിപക്ഷത്തിന്റെ വാമൂടികെട്ടി. മണിപ്പൂരിൽ ചർച്ചയ്‌ക്ക് വരാൻ പ്രതിപക്ഷത്തോട് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി കത്തും നൽകിയിരുന്നു. എന്നാൽ അവരുടെ ഉദ്ദ്യേശം അതല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിലെ പ്രതിസന്ധികൾക്ക് കോൺഗ്രസിന്റെ രാഷ്‌ട്രീയമാണ് ഉത്തരവാദിയെന്നും വടക്കുകിഴക്കൻ മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.