രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കലിന് എതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റി വച്ചു

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് ചോദ്യം ചെയ്ത് സിപിഐഎം നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പുതിയ നിയമ സഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചിരുന്നുവെന്നു കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പുതിയ നിയമസഭ നിലവില്‍ വരുമ്പോള്‍ ജനഹിതം കൂടി കണക്കിലെടുക്കേണ്ടി വരും. കൂടാതെ, രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ നിയമ മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. ഏപ്രില്‍ 21 ന് മുന്‍പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം 31 നകം നാമനിര്‍ദേശ പത്രിക സമര്‍പ്പണം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ച് 24ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് സിപിഐഎം നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചത്.