രാജ്യത്ത് ഇന്ധന വില ഉയരുന്നത് തുടർന്നേക്കും

രാജ്യത്ത് ഇന്ധന വില ഉയരുന്ന പ്രതിഭാസം വീണ്ടും തുടരുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ വരുത്തിയ കുറവ് ഏപ്രില്‍ വരെ തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിൽ ഇന്ധന ക്ഷാമം രൂക്ഷമായേക്കും. ഒപെക് രാജ്യങ്ങളോട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ധന ഉത്പാദനം വര്‍ധിപ്പിക്കാനാണ് ആവശ്യപ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ വരും ദിവസങ്ങളില്‍ ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാകുന്നതിനാൽ രാജ്യത്ത് ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക് ഉയരാനുള്ള സാധ്യതയേറുകയാണ്.

നിലവിൽ നികുതി കുറക്കുകയാണ് വില കുറക്കാനുള്ള പരിഹാര മാര്‍ഗം. കഴിഞ്ഞ ദിവസം ഇന്ധന വില കുറയ്ക്കുമ്പോഴുള്ള ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികള്‍ കൂടി വഹിക്കുന്ന മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ ധനമന്ത്രാലയത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. നികുതി കുറയ്ക്കുന്ന വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. ഇന്ധന വില വർധിക്കുന്നത് രാജ്യത്ത് വിലക്കയറ്റം ഉണ്ടാക്കിയേക്കും. അവശ്യ വസ്തുക്കളുടെ വിലക്കയറ്റം സാധാരണക്കാരെ സാരമായി ബാധിക്കും.