കേരളത്തിന് തീരാവേദനയായി ആറുവയസുകാരി, പിണറായി സർക്കാരിന്റെ സ്ത്രീ സുരക്ഷിതത്വം വാക്കുകളിൽ മാത്രമാണെന്ന് കെ സുരേന്ദ്രൻ

പിണറായി സർക്കാരിന്റെ സ്ത്രീ സുരക്ഷിതത്വം വാക്കുകളിൽ മാത്രം. അസം സ്വദേശി തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ  ആറുവയസുകാരി കേരളത്തിന് തീരാ വേദനയാണെന്നും മാപ്പ് ചോദിക്കുന്നെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസം സ്വദേശി അഫ്‌സാക്ക് ആലം തട്ടിക്കൊണ്ട് പോയത്. ഉടൻ തന്നെ ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടും പോലീസിന് ആ മകളെ രക്ഷിക്കാനായില്ല. പിണറായി സർക്കാരിന്റെ സ്ത്രീ സുരക്ഷിതത്വം വാക്കുകളിൽ മാത്രമാണെന്ന് കൂടി അടിവരയിടുന്നതാണ് ഈ സംഭവം.

കൊലപാതകം ധാരാളം ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. കേരളത്തിൽ ജോലിയ്‌ക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരു വിവരങ്ങളും സർക്കാരിന്റെ പക്കൽ ഇല്ല. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നും നുഴഞ്ഞ് കയറുന്ന ജിഹാദികളും, കൊടും ക്രിമിനലുകളും, തീവ്രവാദികളും അതിഥി തൊഴിലാളികൾ എന്ന പേരിൽ നാൾക്ക് നാൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമം അനധികൃത കുടിയേറ്റത്തെ തടയും എന്നറിയാവുന്ന ഇടതു- വലത് മുന്നണികൾ രാഷ്‌ട്രീയ ലാഭത്തിനു വേണ്ടി അതിനെ എതിർക്കുമ്പോൾ ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കേരളത്തിന്റെ സമാധാന അന്തരീക്ഷം പോലും തകർക്കുന്ന തരത്തിൽ ഇത്തരം ആളുകൾ മാറുമ്പോൾ കൈയും കെട്ടി നോക്കിയിരിപ്പാണ് പോലീസ് സംവിധാനം. പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പൂർണ്ണ പാരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. – കെ. സുരേന്ദ്രൻ പറഞ്ഞു.

ആലുവ ചൂര്‍ണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടില്‍നിന്ന് കാണാതായത്. പ്രതിയായ അഷ്ഫാഖ് പെണ്‍കുട്ടി താമസിക്കുന്ന വീടിന് തൊട്ടുമുകളിലെ നിലയില്‍ രണ്ടുദിവസം മുന്‍പാണ് താമസത്തിനെത്തിയത്. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീട്ടില്‍നിന്ന് കുട്ടിയെ കടത്തിക്കൊണ്ടുപോയ പ്രതി ആദ്യം സമീപത്തെ കടയിലെത്തി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു. കുട്ടി കടയിലെത്തിയതായി കച്ചവടക്കാരനും സ്ഥിരീകരിച്ചു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും കണ്ടെടുത്തു. കടയില്‍നിന്ന് ജ്യൂസ് വാങ്ങിയശേഷം സമീപത്തെ റെയില്‍പാളം മുറിച്ചുകടന്ന് കുട്ടിയുമായി റോഡിലേക്ക് പോയ പ്രതി, ഇവിടെനിന്ന് ബസില്‍ കയറി. തുടര്‍ന്ന് ഇയാള്‍ കുട്ടിയുമായി ആലുവ ബസ് സ്റ്റാന്‍ഡിലെത്തി. എന്നാല്‍, ഇവിടെനിന്ന് കുട്ടിയെ എവിടേക്ക് കൊണ്ടുപോയി എന്നതില്‍ വ്യക്തതയില്ലായിരുന്നു.

പ്രതിയായ അഷ്ഫാഖിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ലഹരിയിലായതിനാല്‍ ഇയാളില്‍നിന്ന് വ്യക്തമായ മൊഴികളൊന്നും ലഭിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്ക് ശേഷം ലഹരി വിട്ടതോടെ കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ പറഞ്ഞത്. പ്രതിയുടെ മൊഴിയനുസരിച്ച് ഇയാളുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, അന്വേഷണത്തില്‍ ഇയാളുടെ മൊഴി തെറ്റാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീടാണ് പ്രതി കുറ്റസമ്മതം നടത്തിയത്.