ജി 20 യിൽ പങ്കെടുക്കുന്ന രാഷ്‌ട്രത്തലവൻമാർക്ക് വെങ്കലത്തിൽ നിർമ്മിച്ച താമരപ്പൂവ്, ഉള്ളിൽ ഗണപതിയും, പ്രധാമന്ത്രിയുടെ സമ്മാനം

ന്യൂഡൽഹി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ നേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനമായി നൽകുക വെങ്കലത്തിൽ പ്രത്യേകമായി നിർമ്മിച്ച താമരപ്പൂവ്. ഉത്തർപ്രദേശിലെ മഹോബ പ്രദേശത്തെ കലാകാരനായ മൻമോഹൻ സൈനിയാണ് . ഈ അദ്വിതീയ സ്മരണികകൾ ഒരുക്കുന്നത് . 50 ഓളം താമരകളാണ് ഇത്തരത്തിൽ തയ്യാറാക്കിയിട്ടുള്ളത്.

30 വർഷത്തിലേറെയായി സൈനി വെങ്കല പുരാവസ്തുക്കൾ നിർമ്മിക്കുന്നുണ്ട് . ഇവന്റിന്റെ ലോഗോയിൽ താമര ഉള്ളതിനാലാണ് ഇന്ത്യയുടെ സമ്മാനമായി താമരപ്പൂവ് നൽകാൻ തീരുമാനിച്ചത്. മൻമോഹൻ സൈനി പ്രശസ്തനായ ലോഹ ശിൽപിയും മഹോബയിൽ നിന്നുള്ള ദേശീയ അവാർഡ് ജേതാവുമാണ്. “ഒരു ചെറിയ ഭ്രമണം ചെയ്യുമ്പോൾ അതിന്റെ പുറം ദളങ്ങൾ തുറക്കുന്ന തരത്തിൽ തയ്യാറാക്കിയ ഒരു പ്രത്യേക താമരയാണിത്. കൂടുതൽ കറക്കുമ്പോൾ, പൂർണ്ണമായി വിരിഞ്ഞ പുഷ്പം ലഭിക്കും.

50 താമരകൾ നിർമ്മിക്കാൻ ആറ് മാസമെടുത്തു . താമരയ്‌ക്ക് അഞ്ച് ഇഞ്ച് നീളമുണ്ടെന്നും ഓരോന്നിലും ചെറുതും വലുതുമായ എട്ട് ഇതളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് ഹാൻഡ്‌ക്രാഫ്റ്റ് ഡെവലപ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രതിനിധികൾ എട്ട് മാസം മുമ്പ് തന്നെ സമീപിച്ച് ജി 20 ഉച്ചകോടിക്ക് പ്രത്യേക സ്മരണികൾ സൃഷ്ടിക്കാൻ പറഞ്ഞിരുന്നു. എന്നാൽ ജി 20 മറ്റേതൊരു ഇവന്റ് പോലെയായിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും മൻമോഹൻ സൈനി പറഞ്ഞു.