ഭാഗ്യ – ശ്രേയസ് നവദമ്പതിമാർക്ക് മധുരവും ആശീർവാദവും നൽ‌കി മോദി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി വിവാഹച്ചടങ്ങിലേക്ക് എത്തിയത്. 25 മിനിറ്റോളം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചടങ്ങിലേക്ക് എത്തിയത്.

 

ക്ഷേത്ര ദർശനം നടത്തി വസ്ത്രം മാറിയ ശേഷമാണ് പ്രധാനമന്ത്രി വിവാഹച്ചടങ്ങിലേക്ക് എത്തിയതെന്ന് ചടങ്ങിന് സാക്ഷ്യം വഹിച്ച പോലീസ് ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രധാനമന്ത്രി എത്തും മുൻപേ ക്ഷേത്ര മണ്ഡപത്തിൽ വിവാഹിതരായ അഞ്ച് നവദമ്പതികളെ പ്രധാനമന്ത്രി ആശീർവദിക്കുകയും മധുരം നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുഖ്യകാർമികത്വം വഹിച്ചത് പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് വരണമാല്യം എടുത്തു നൽകിയത്. എല്ലാം ഭംഗിയായി നടന്നു. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ബിജു മേനോൻ തുടങ്ങിയവർ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. എല്ലാവരുമായും പ്രധാനമന്ത്രി സംസാരിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ ക്ഷേത്രത്തിൽ എത്തിയത്. വേഷ്ടിയും മുണ്ടും ധരിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി 25 മിനിറ്റോളം ദർശനം നടത്തി. താമരമൊട്ട് കൊണ്ട് തുലാഭാരവും നടത്തി. 8:45നായിരുന്നു ഭാഗ്യ സുരേഷിൻ്റെ വിവാഹം നടന്നത്. ഒൻപതുമണിയോടെ പ്രധാനമന്ത്രി ഗുരുവായൂരിൽനിന്ന് മടങ്ങി.