ഇരുപതിനായിരം കോടിയുടെ പദ്ധതികൾ പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിലെത്തും. ബനിഹാൽ – ഖാസികുണ്ട് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തും. മൊത്തം ഇരുപതിനായിരം കോടിയുടെ പദ്ധതികളാണ് നരേന്ദ്രമോദി നാടിന് സമ‍ർപ്പിക്കുക. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള ഗ്രാമസഭകളെ അഭിസംബോധന ചെയ്യും.

3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച 8.45 കിലോമീറ്റർ നീളമുള്ള ബനിഹാൽ – ഖാസിഗുണ്ട് റോഡ് ടണലാണ് പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കുന്നത്. ഇതോടെ ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയുകയും ചെയ്യുന്നതാണ്.

7500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ദില്ലി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും നരേന്ദ്രമോദി നിർവഹിക്കും. 5300 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റാറ്റിൽ ജല വൈദ്യുത പദ്ധതി, 4500 കോടിയിലധികം രൂപ ചെലവിട്ട് നി‍ർമ്മിക്കുന്ന ക്വാർ ജല വൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. കിഷ്ത്വാറിലെ ചെനാബ് നദിയിലാണ് ഇവയുടെ നിർമ്മാണം. ജമ്മു കാശ്മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

അതേസമയം പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനത്തിന്‍റെ ഭാഗമായി മേഖലയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ വിലയിരുത്താൻ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. നാളെ സന്ദർശനം നടക്കാനിരിക്കെ ഇന്ന് വൈകിട്ട് ജമ്മുകശ്മീരിലെ മിർഹാമയിൽ വീണ്ടും ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു ജെയ്ഷെ മുഹമ്മദ് ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം ഇന്നലെയും വധിച്ചിരുന്നു. പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ഇവിടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തിയിട്ടുണ്ട്.