കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവം; ഫ്‌ളാറ്റുടമയ്‌ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമയ്‌ക്കെതിരെ നടപടി എടുക്കാനൊരുങ്ങി പൊലീസ്. ഫ്‌ളാറ്റുടമയായ അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. എഫ്‌ഐആറില്‍ ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദിന്റെ പേര് കൂടി ചേര്‍ക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടു കൂടി ലഭിച്ച ശേഷം മാത്രമായിരിക്കും.

ഡിസംബര്‍ നാലാം തീയതി ആയിരുന്നു സേലം സ്വദേശിയായ ശ്രീനിവാസന്റെ ഭാര്യ കുമാരിയെ ഫ്‌ളാറ്റില്‍ നിന്ന് താഴെ വീണ്് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ എന്ന ഫ്‌ളാറ്റില്‍ നിന്നും വീണാണ് ഇവര്‍ മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇവര്‍ ഇത്രയും ദിവസം ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അവരുടെ മരണം സംഭവിച്ചത്.

അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റിൽ വീട്ടുജോലിക്കാരിയായ കുമാരി അദ്ദേഹത്തിൽ നിന്ന് നിന്ന് 10000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ട ചോദ്യം ചെയ്യലിൽ താൻ കുമാരിയെ തടഞ്ഞുവിച്ചിട്ടില്ലെന്നാണ് ഇംത്യാസും ഭാര്യയും മൊഴി നൽകിയിട്ടുള്ളത്.