ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വേണമെന്ന ഹൈക്കോടതി നിര്‍ദേശം പോലീസ് നടപ്പാക്കിയില്ല

തിരുവനന്തപുരം. പോലീസ് സ്‌റ്റേഷനുകളില്‍ ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് വേണമെന്ന ഹൈക്കോടതി വിധി നടപ്പാക്കതെ കേരള പോലീസ്. ഡോക്ടര്‍ വന്ദന മരിച്ചത് പോലുള്ള സംഭവങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുണ്ടായിരുന്നെങ്കില്‍ ഒഴുവാക്കുവാന്‍ സാധിക്കുമായിരുന്നുവെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. ഇത്തരം സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ആസുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ സാധിക്കുമായിരുന്നു.

ലഹരിയില്‍ നിന്നും പ്രതി മോചിതനായ ശേഷംമൊഴി രേഖപ്പെടുത്തി പരിശോധനയ്ക്ക് അയക്കുവാന്‍ സാധിക്കുമായിരുന്നു. 2019ലാണ് വ്യക്തികള്‍ എത് ലഹരി മരുന്നാണ് ഉപയോഗിച്ചതെന്നും കണ്ടെത്താന്‍ ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ് എല്ലാ സ്‌റ്റേഷനിലും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം നടപ്പാക്കുവാന്‍ ഹൈക്കോടതി ഡിജിപിയോട് നിര്‍ദേശിച്ചു.

പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഇക്കാര്യം നിര്‍ദേശിച്ചെങ്കിലും ഉത്തരവ് പോലീസ് നടപ്പാക്കിയില്ല. കിറ്റ് വാങ്ങണമെന്ന നിര്‍ദേശം പാലിക്കാനായി കുറച്ച് കിറ്റുകള്‍ വാങ്ങി വിതരണം ചെയ്യുകയാണ് ചെയ്തത്. എന്‍സിബി ആണ് ഡിആര്‍ഐ, കസ്റ്റംസ്, എക്‌സൈസ്, പൊലീസ് എന്നിങ്ങനെ ലഹരി മരുന്ന് പിടികൂടാന്‍ അധികാരമുള്ള ഏജന്‍സികള്‍ക്ക് ഡിറ്റക്ഷന്‍ കിറ്റുകള്‍ നല്‍കുന്നത്.

6 മാസമാണ് കിറ്റിന്റെ കാലാവധി. ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമാണ് കിറ്റുകള്‍ നിര്‍മിക്കുന്നതെന്ന് പൊലീസ് പറയുന്നു. ലഹരി മരുന്ന് കേസുകള്‍ കൂടുതലുള്ള മേഖലകളില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളില്‍പോലും ആവശ്യത്തിന് കിറ്റുകളില്ലാത്ത സ്ഥിതിയാണ്.