രാജ്യത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി ഒരേ യൂണിഫോം; നിര്‍ദേശവുമായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി. സാധാരണക്കാരുടെ സുരക്ഷയ്ക്കായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും. ഒരു രാജ്യം ഒരു പോലീസ് എന്ന രീതിയിലേക്ക് മാറണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം എന്ന നിര്‍ദേശം പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. 5 ജി എത്തുന്നതോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. കുറ്റകൃത്യങ്ങള്‍ തടയേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതിയില്‍ നടക്കുന്ന യോഗത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പങ്കെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് വ്യാപാരം, അതിര്‍ത്തി കടന്നുള്ള ആക്രമങ്ങള്‍ എന്നിവ നേരിടാനായാണ് യോഗം സംഘടിപ്പിച്ചത്.