മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതല്ലേ മര്യാദ- മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതല്ലേ മര്യാദയെന്ന് മന്ത്രി ആര്‍ ബിന്ദു. ജനാധിപത്യ ക്രമമനുസരിച്ച് ഗവര്‍ണര്‍ ഒപ്പിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒര്‍ഡിനന്‍സ് ആര്‍ക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. വിശാലമായിട്ടാണ് ഇതിനെ കാണേണ്ടത്. ഗവര്‍ണര്‍ അങ്ങനെ കാണുമെന്ന് പ്രതീക്ഷിക്കാമെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് അയച്ചാല്‍ അപ്പോള്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കും.

ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രണ്ടു ദിവസത്തിനു ശേഷം അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഓര്‍ഡിനന്‍സ് ലഭിച്ചാല്‍ ഗവര്‍ണര്‍ എന്ത് ചെയ്യും എന്നതില്‍ സര്‍ക്കാരിന് ആശങ്ക ഉണ്ട്. ഗവര്‍ണറുടെ തുടര്‍ നടപടി നിര്‍ണായകമാണ്. പതിനാലു സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് തയാറാക്കിയിട്ടുള്ളത്. പകരം അക്കാദമിക് രംഗത്ത് മികവു തെളിയിച്ചവരെ ചാന്‍സലര്‍ ആയി നിയമിക്കുമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്.

ചാന്‍സലര്‍ പദവിയില്‍നിന്നു തന്നെ നീക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് റഫര്‍ ചെയ്യുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമാക്കാന്‍ കാലതാമസമെടുത്തേക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓര്‍ഡനന്‍സില്‍നിന്നു പിന്നാക്കം പോയേക്കും എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.