ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ട് മൂന്ന് ദിവസം ; കട്ടകൾ പെറുക്കി തീരാതെ കോർപ്പറേഷൻ

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും ചുടുകട്ട ശേഖരണം പൂർത്തീകരിക്കാൻ കഴിയാതെ കോർപ്പറേഷൻ. ഇതുവരെ നൂറിലധികം ലോഡ് കട്ടകൾ ശേഖരിച്ച് പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. പാളയം, ഫോർട്ട്, സെക്രട്ടറിയേറ്റ് ഹെൽത്ത് സർക്കിളുകളിൽ ഇനിയും ചുടുകട്ടകൾ അവശേഷിക്കുന്നുണ്ട്. ചൊവ്വാഴ്ച തന്നെ മുഴുവൻ കട്ടകളും ശേഖരിക്കുമെന്നായിരുന്നു കോർപ്പറേഷൻ ആദ്യം പറഞ്ഞിരുന്നത്.

എന്നാൽ മൂന്ന് ദിവസം പിന്നിട്ടിട്ടും കട്ടകൾ പെറുക്കി തീരാത്ത അവസ്ഥയാണ്. ഇന്ന് രാവിലെയോടെ മുഴുവൻ കട്ടകളും ശേഖരിക്കുമെന്നാണ് കോർപ്പറേഷൻ അറിയിച്ചിട്ടുള്ളത്. കട്ടകൾ യഥാസമയം ശേഖരിക്കുന്നതിനായി 400 വോളന്റിയർമാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ 200-ഓളം പേർ മാത്രമാണ് എത്തിയത്. ഇതോടെ പദ്ധതി പാളി. തൊട്ടടുത്ത ദിവസം തന്നെ ദിവസ വേതനത്തിന് തൊഴിലാളികളെ നിയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല. പറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ കട്ടകളും പെറുക്കാനായില്ല.

കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളികളും കട്ട ശേഖരിക്കുന്നതിന് പങ്കാളികളായെങ്കിലും കട്ട ശേഖരണം പൂർത്തീകരിക്കാനായിട്ടില്ല. ഇട റോഡുകളിൽ ഉൾപ്പടെ ഇപ്പോഴും കട്ടകൾ അവശേഷിക്കുകയാണ്. കട്ടകളിൽ വാഹനങ്ങൾ കയറിയിറങ്ങിയതോടെ കട്ടകൾ പൊട്ടി മിക്കയിടത്തും പൊടി ശല്യം രൂക്ഷമായി. അതേസമയം ചുടുകട്ടകൾ ആവശ്യമുള്ളവർ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ച വരെ നീട്ടിയതായി കോർപ്പറേഷൻ അറിയിച്ചു.