വാര്യരേ നീ ഇത് കണ്ടാ .. മഞ്ജുവിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പൂര്‍ണിമ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരാണ് മഞ്ജു വാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും. സിനിമയ്ക്ക് അപ്പുറം അടുത്ത സൗഹൃദബന്ധം സൂക്ഷിക്കുന്നവരുമാണ് ഇവര്‍. ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയുമൊക്കെ ഈ സൗഹൃദ വലയത്തിലുള്ളവരാണ്. ഇവരുടെ ഒത്തുകൂടലുകളും അതിന്റെ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്.

സിനിമയില്‍ നിന്ന് വിട്ടു നിന്ന പൂര്‍ണിമ ഏറ്റവുമൊടുവില്‍ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലാണ് അഭിനയിച്ചത്. രാജീവ് രവിയുടെ തുറമുഖത്തിലും പൂര്‍ണിമ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ മഞ്ജുവിന് ഒപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പൂര്‍ണിമ. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് പോസ്റ്റ്.

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച സിനിമയിലെ രംഗമാണ് പൂര്‍ണിമ ഷെയര്‍ ചെയ്തത്. വാര്യരേ നീ അത് കണ്ടായെന്ന് ചോദിച്ചായിരുന്നു പൂര്‍ണിമ ആ രംഗത്തിന്റെ ചിത്രം ഷെയര്‍ ചെയ്തത്. ഏകദേശം ഒരേസമയത്താണ് ഇരുവരും സിനിമയിലെത്തിയത്. നന്നെ ചെറുപ്പത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് കടന്നവരാണ് ഇരുവരും.

ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഇന്നലെകളില്ലാതെ എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. 1997ല്‍ റിലീസിനെത്തിയ ചിത്രമാണ് ഇന്നലെകളില്ലാതെ. മഞ്ജുവിനും പൂര്‍ണിമയ്ക്കും ഒപ്പം ബിജു മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.