തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.

കഴിഞ്ഞദിവസം പശുക്കൾക്കു പൊറോട്ട നൽകിയിരുന്നു, ഇതിന് പിന്നാലെ വൈകിട്ട് പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങി. അവശനിലയിലായ കന്നുകാലികൾക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിന്നുള്ള എമർജൻസി റസ്പോൺസ് ടീമെത്തി ചികിത്സ നൽകി. പൊറോട്ടയും ചക്കയും അമിതമായി തീറ്റയിൽ ചേർത്തതു മൂലം വയർ കമ്പനം നേരിട്ടാണു പശുക്കള്‍ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.

ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഡി.ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ചത്ത പശുക്കളുടെ പോസ്റ്റ്മോർട്ടവും നടത്തി. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊറോട്ട ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ചക്ക, പെറോട്ട, കഞ്ഞി എന്നിവ അമിതമായി പശുക്കളുടെ ഉള്ളിൽ ചെന്നാൽ അമ്ലവിഷബാധയും നിർജലീകരണവും അതുമൂലമുള്ള മരണവും സംഭവിച്ചേക്കാമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ വ്യക്തമാക്കി.