സഭയില്‍ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബിക്കും പ്രതാപനുമെതിരെ നടപടിക്ക് സാധ്യത

ന്യൂഡല്‍ഹി. ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടിഎന്‍ പ്രതാപനും എതിരെ നടപടി ഉണ്ടായേക്കും. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവാണ് കോണ്‍ഗ്രസ് എംപിമാര്‍ കീറിയെറിഞ്ഞത്. സംഭവത്തില്‍ ഹൈബി ഈഡനെയും ടിഎന്‍ പ്രതാപനെയും സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്നാണ് സ്പീക്കര്‍ വ്യക്തമാക്കുന്നത്. വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടതോടെയാണ് എംപി സ്ഥാനത്ത് നിന്നും അയോഗ്യനായത്.

സഭയില്‍ നിന്നും ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ പാര്‍ലമെന്ററികാര്യമന്ത്രിയോ സര്‍ക്കാരോ പ്രമേയം കൊണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിന് ചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയോ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താലാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കുക. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.