സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്‌,​ ക്രൂരമര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടി,​ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഇടുക്കി: പണിക്കന്‍കുടിയില്‍ യുവതി കൊല്ലപ്പെട്ടത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്. കൊല്ലപ്പെട്ട സിന്ധുവിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നതായും വാരിയെല്ലുകള്‍ പൊട്ടിയതായും റിപോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും പോലിസ് അറിയിച്ചു.

പ്രതിയെ കണ്ടെത്തുന്നതിന് ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വ്യാപക അന്വേഷണമാണ് നടത്തുന്നത്. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചില്‍ തുടങ്ങിയതായും പോലിസ് വ്യക്തമാക്കി.

സിന്ധുവിന്റെ മൃതദേഹം കൃത്യമായ ആസൂത്രണത്തോടെയാണ് ബിനോയ് അടുക്കളയില്‍ കുഴിച്ചുമൂടിയതെന്ന് പോലിസ് പറഞ്ഞു. മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്.പോലിസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറുകയും വസ്ത്രം പൂര്‍ണമായും മാറ്റുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.

കേസ് അന്വേഷണത്തില്‍ പോലിസിന് വലിയ വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച്‌ സിന്ധുവിന്റെ കുടുംബം ആരോപിച്ചു.സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്റെ മൊഴിയുണ്ടായിട്ടും പോലിസ് അത് ഗൗരവമായെടുത്തില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.