പ്രാണപ്രതിഷ്ഠ, 25 ലക്ഷത്തോളം വീടുകളിൽ അക്ഷതം എത്തിക്കും, 13ന്‌ മഹാസമ്പർക്കദിനം

കൊച്ചി. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിൽ നിന്ന് പൂജിച്ച അക്ഷതവുമായി നാളെ നാടെങ്ങും ആർഎസ്എസ് നേതൃത്വത്തിൽ മഹാസമ്പർക്കദിനം. ഒന്നര ലക്ഷം പ്രവർത്തകർ സമ്പർക്കത്തിന്റെ ഭാഗമാവും. നാളെ ഒറ്റ ദിവസം കൊണ്ട് ഇരുപത്തഞ്ച് ലക്ഷത്തോളം വീടുകൾ സമ്പർക്കം ചെയ്ത് അയോദ്ധ്യയിൽ നിന്ന് പൂജിച്ചെത്തിച്ച പവിത്രമായ അക്ഷതം വിതരണം ചെയ്യും.

ജനുവരി ഒന്ന് മുതൽ 15 വരെ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച മഹാസമ്പർക്കത്തിന്റെ ഭാഗമായാണ് നാളെ രാമസന്ദേശവുമായി എല്ലാ വീടുകളിലേക്കും പ്രവർത്തകർ എത്തുക എന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ അറിയിച്ചു. ഇതുവരെയുള്ള സമ്പർക്കത്തിൽ 36000 ബാച്ചുകളിലായി ഒരുലക്ഷത്തോളം പ്രവർത്തകർ  പങ്കാളികളായിട്ടുണ്ട്. നാളെ മഹാസമ്പർക്കദിനത്തിൽ സ്ത്രീകളടങ്ങുന്ന പതിനായിരം സമ്പർക്കസംഘങ്ങൾ കൂടി പ്രവർത്തനത്തിൽ പങ്കാളികളാകും.

കുട്ടികളും സമ്പർക്കത്തിൽ അണിചേരും. ഭക്തിസാന്ദ്രമായാണ് എല്ലായിടത്തും സമ്പർക്കത്തെ സ്വീകരിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രാണപ്രതിഷ്ഠയുടെ സന്ദേശമെത്തുമെന്ന് ഉറപ്പാക്കും. അക്ഷതവും ലഘുലേഖയും ശ്രീരാമക്ഷേത്രചിത്രവും വീടുകളിൽ നല്കും. പ്രാണപ്രതിഷ്ഠാദിനമായ 22ന് എല്ലാ ഗ്രാമങ്ങളിലും സംഘടിപ്പിക്കുന്ന ഒത്തുചേരലിലേക്ക് എല്ലാവരെയും ക്ഷണിക്കും. വീടുകളിലും ക്ഷേത്രങ്ങളിലും വൈകുന്നേരം ദീപം തെളിക്കാൻ അഭ്യർത്ഥിക്കും, പി.എൻ. ഈശ്വരൻ അറിയിച്ചു.