ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം : തിരുവനതപുരത്ത് ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവള്ളിയിൽ ഗോപീകൃഷ്ണന്റെ ഭാര്യ ദേവിക(22)യാണ് മരിച്ചത്. യുവതി മൂന്നുമാസം ഗർഭിണിയായിരുന്നു. മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മാസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്.

കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ദേവികയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി കെ.നായർ പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദേവികയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാപ്രവണതയോ മറ്റു പ്രശ്നങ്ങളോ ദേവികയ്ക്കുണ്ടായിരുന്നില്ലെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.

ദേവികയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഫോർട്ട് പോലീസ് സി.ഐ. രാകേഷിന്റെ നേതൃത്വത്തിൽ ദേവികയുടെ ഭർത്താവ് ഗോപീകൃഷ്ണന്റെയും വീട്ടിലുള്ളവരുടെയും മൊഴി രേഖപ്പെടുത്തി. ശ്രീചിത്ര മെഡിക്കൽ സെന്ററിൽ കരാറടിസ്ഥാനത്തിലെ ഫിസിയോതെറാപ്പിസ്റ്റാണ് ഭർത്താവ് ഗോപീകൃഷ്ണൻ.

ദേവികയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. ദേവികയുടെ മൊബൈൽ ഫോണും പോലീസ് പരിശോധിക്കും.പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു.