സിബിഎസ്ഇ കുട്ടികളും രക്ഷിതാക്കളുമായി ചേർന്ന യോഗത്തിൽ അപ്രതീക്ഷിതമായി പങ്കെടുത്ത് പ്രധാനമന്ത്രി

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇ കുട്ടികളും രക്ഷിതാക്കളുമായി ചേർന്ന വെർച്വൽ മീറ്റിങ്ങിൽ അപ്രതീക്ഷിതമായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പ്രശ്‌നങ്ങൾ നേരിട്ട് കേട്ട് വിലയിരുത്തി. മൂല്യനിർണയം അടക്കമുള്ള വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം വിദ്യാർത്ഥികൾക്ക് ആശ്വാസമായി.

കൊറോണ പ്രതിസന്ധിയെ തുടർന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയിരുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യമാണ് പ്രധാനമെന്ന് അറിയിച്ചാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച നടത്തിയ യോഗത്തിൽ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം എടുത്തത്. തുടർന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ഇന്ന് വിദ്യാഭ്യാസ വകുപ്പ് വെർച്വൽ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് പ്രധാനമന്ത്രിയും പങ്കെടുത്തത്.

അതേസമയം മൂല്യനിർണയം സംബന്ധിച്ച് അന്തിമ തീരുമാനം രണ്ടാഴ്ച്ചയ്ക്കകം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരീക്ഷാ ഫലം ഓഗസ്റ്റ് 15ന് മുൻപ് ഉണ്ടാകുമെന്ന് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചിരുന്നു. 12-ാം ക്ലാസ് ഫലം കോളേജ് പ്രവേശത്തെ ബാധിക്കുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ചർച്ച നടത്തിയാകും രീതി തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.