പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 25 ന് കൊച്ചിയിൽ, ‘യുവം’ പരിപാടിയില്‍ മോദിക്കൊപ്പം അനില്‍ ആന്റണിയും

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 25 ന് കേരളത്തിലെത്തും. കൊച്ചിയില്‍ യുവാക്കളുമായുള്ള യുവം സംവാദ പരിപാടിയില്‍ മോദി പങ്കെടുക്കും. പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്റണിയും പരിപാടിയില്‍ പങ്കെടുക്കും.

പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ബി ജെ പി യുവം പരിപാടി സംഘടിപ്പിക്കുന്നത്. ഇതില്‍ മോദിക്കൊപ്പം അനിലിനെ കൂടി പങ്കെടുപ്പിക്കുന്നതിലൂടെ, കേരളത്തില്‍ അനില്‍ ആന്റണിയുടെ ലോഞ്ചിംഗ് ആണ് ബിജെപി നേതൃത്വം യാഥാർഥ്യമാക്കുക.

യുവം പരിപാടിയില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരിക്കുന്നത്. അടുത്തമാസം തൃശൂരില്‍ വനിതകളുടേയും കോഴിക്കോട് വിമുക്തഭടന്മാരുടെയും പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞെട്ടിച്ച് കൊണ്ട് വ്യാഴാഴ്ചയാണ് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അനില്‍ ആന്റണിയെ കേരളത്തില്‍ മത്സരിപ്പിക്കുന്നതും ബിജെപി നേതൃത്വം പരിഗണിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.