ജീവിതത്തില്‍ ഏറ്റവും അധികം പശ്ചാത്തപിക്കുന്നത് ഇക്കാര്യത്തിനാണ്, പൃഥ്വിരാജ് പറയുന്നു

മലയാളത്തിന്റെ യുവ സൂപ്പര്‍ താരമാണ് പൃഥ്വിരാജ്.സംവിധായകന്‍ എന്ന നിലയിലും തന്റേതായ കഴിവ് പൃഥ്വി തെളിയിച്ച് കഴിഞ്ഞു.നിര്‍മ്മാതാവും ഗായകനായും മലയാളികള്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്ന കാര്യത്തെ കുറിച്ച് നടന്‍ പറയുന്ന വാക്കുകളാണ് വൈറല്‍ ആവുന്നത്.അച്ഛന്‍ സുകുമാരന്റെ പുസ്തക ശേഖരണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആയിരുന്നു പൃഥ്വി ഇതേ കുറിച്ച് സംസാരിച്ചത്.തനിക്ക് വായനയില്‍ താത്പര്യം ഉണ്ടാവാന്‍ കാരണം അച്ഛന്റെ പുസ്തക ശേഖരണമാണെന്ന് പൃഥ്വി പറഞ്ഞു.അച്ഛനാണ് തന്നെ പുസ്തങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയത്.എറ്റവും സങ്കടകരമായ കാര്യം ആ പുസ്തകശേഖരം ഇപ്പോഴില്ലാ എന്നതാണ്.അച്ഛന്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ താമസിച്ചത് വളരെ വലിയൊരു വീട്ടിലായിരുന്നു.അച്ഛന്‍ പോയ സമയത്ത് അമ്മയ്ക്ക് അവിടെ താമസിക്കാന്‍ വല്ലാത്തൊരു മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു.തുടര്‍ന്ന് ഞങ്ങള്‍ ചെറിയൊരു വീട്ടിലേക്ക് താമസം മാറി.അപ്പോള്‍ ആ വലിയ വീട്ടില്‍ ഉണ്ടായിരുന്ന ആ പുസ്തകങ്ങള്‍ കൂടെ കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.പിന്നീട് അത് അവിടെ തന്നെ വെച്ചാല്‍ നാശമാകുമെന്ന് കരുതി ലൈബ്രറികള്‍ക്കും സ്‌കൂളുകള്‍ക്കുമെല്ലാം കൊടുത്തു.അതുണ്ടായിരുന്ന കാലത്ത് എനിക്ക് തോന്നുന്നു പല പബ്ലിക്ക് ലൈബ്രറികളെയെല്ലാം വെല്ലുന്ന തരത്തിലുളള ഒരു പുസ്തകശേഖരം ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു.അത് പൂര്‍ണമായിട്ടും അച്ഛന്‍ വാങ്ങി ശേഖരിച്ചുവെച്ച പുസ്തകങ്ങളായിരുന്നു.ആ പുസ്തകങ്ങളാണ് എന്നിലെ ഒരു വായനക്കാരനെ ശരിക്കും ഉണര്‍ത്തിയത്. ജീവിതത്തില്‍ എറ്റവും കൂടുതല്‍ പശ്ചാത്തപിക്കുന്നത് തനിക്ക് മലയാള സാഹിത്യവുമായി യാതൊരുവിധ പുലബന്ധം പോലുമില്ല എന്നതാണെന്ന് പൃഥ്വി പറയുന്നു. അച്ഛന്റെ പുസ്തകശേഖരങ്ങളില്‍ ഞാന്‍ കൂടുതലും എടുത്ത് വായിച്ചത് ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു.എങ്ങനെയൊ എവിടെ വെച്ചോ ഞാന്‍ മലയാളം പുസ്തകങ്ങളിലേക്ക് എത്തിപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഇന്നും എഴുതുന്നത് ഇംഗ്ലീഷിലാണ്. മനസില്‍ ഒരു ചിന്ത വന്നാല്‍ അത് പേപ്പറിലേക്ക് പകര്‍ത്തണമെന്ന് തോന്നിയാല്‍ ആദ്യം ഇംഗ്ലീഷ് ഭാഷയാണ് മനസില്‍ വരിക.മലയാളം ഭാഷ നന്നായി സംസാരിക്കാനും വായിക്കാനും അറിയാമെങ്കിലും എന്തെങ്കിലും ഒന്ന് ക്രിയേറ്റീവായി മലയാളത്തില്‍ എഴുതാന്‍ കഴിയുമോയെന്ന് എനിക്ക് അറിയില്ല.അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.