ജോജു എഫക്ട് മൈസൂരിലും; പൃഥ്വിരാജ് ചിത്രം ജനഗണമനയുടെ ചിത്രീകരണം നിര്‍ത്തിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

പൃഥ്വിരാജ് നായകനായ ‘ജന ഗണ മന’ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ എതിര്‍പ്പുമായി മഹാരാജ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും. സിനിമയിലെ കോടതി രം​ഗങ്ങള്‍ മഹാരാജ കോളജിലാണ് ഷൂട്ട് ചെയ്യുന്നത്. കോളജ് പ്രവൃത്തിദിവസങ്ങളില്‍ ഇവിടെ ചിത്രീകരണം നടത്തുന്നതിനെതിരെയാണ് എതിര്‍പ്പ്.

ഞായറാഴ്ച മുതല്‍ ആരംഭിച്ച ചിത്രീകരണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്നതാണ് അധ്യാപകരെ ചൊടിപ്പിച്ചത്. മൈസൂരു സര്‍വകലാശാലയ്ക്ക് കീഴിലുള്ളതാണ് കോളജ്. വരുമാനം ലഭിക്കാനായി കോളജിന്‍ ചിത്രീകരണം നടത്താന്‍ സര്‍വകലാശാല അനുമതി നല്‍കാറുണ്ട്.

എന്നാല്‍ ക്ലാസ് ഉള്ള ദിവസങ്ങളിലും ചിത്രീകരണം നടത്താന്‍ അനുമതി നല്‍കിയ സര്‍വകലാശാലയുടെ നടപടി ശരിയല്ലെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലപാട്. അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ചിത്രീകരണം നടത്താന്‍ എതിര്‍പ്പില്ലെന്ന് അവര്‍ പറഞ്ഞു.

മൈസൂരു സര്‍വ്വകലാശാലയുടെ അനുമതിയോടെയാണ് ചിത്രീകരണം നടക്കുന്നതെങ്കിലും പ്രവര്‍ത്തി ദിനങ്ങളായ തിങ്കളും ചൊവ്വയും ചിത്രീകരണം നടന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന്  റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യയന ദിനങ്ങളില്‍ സിനിമാ ചിത്രീകരണം നടത്തുന്നതിനോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും അവധി ദിനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. ഞായറാഴ്ചയാണ് സിനിമയുടെ പുതിയ ഷെഡ്യൂള്‍ കോളെജില്‍ ആരംഭിച്ചത്. തെന്നിന്ത്യന്‍ സിനിമകളുടെ പ്രിയ ലൊക്കേഷനുകളില്‍ ഒന്നാണ് മൈസൂരുവിലെ മഹാരാജ കോളെജ്. കോളെജിലെ പൈതൃക കെട്ടിടങ്ങള്‍ കോടതികളായും സര്‍ക്കാര്‍ ഓഫീസുകളായുമൊക്കെ രൂപംമാറിയാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടാറ്.