3.20 കോടിയുടെ പോർഷെ സ്വന്തമാക്കി പൃഥ്വിരാജ്

സിനിമ താരങ്ങൾ മിക്കവരും വാഹനപ്രേമികളാണ്. അവരുടെ ഇഷ്ടപ്പെട്ട് വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകരുമായി താരങ്ങൾ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഗാരിജിൽ പുതിയ ഒരു അത്ഥിതി കൂടെ എത്തിയിരിക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടനും സംവിധായകനും നിർമാതാവുമായി പൃഥ്വിരാജ്.

മലയാള സിനിമതാരങ്ങളിലെ ആദ്യ ലംബോർഗിനി ഉടമ കൂടിയായ താരത്തിന്റെ ഗ്യാരേജിൽ ഉറുസ്, ബി.എം.ഡബ്ല്യു സെവൻ സീരീസ്, മെഴ്‌സിഡീസ് ബെൻസ് ജി-വാഗൺ, മിനി കൂപ്പർ തുടങ്ങി ഒരുപിടി വാഹനങ്ങളുടെ ശേഖരണം ഉണ്ട്. ഇപ്പോഴിതാ പോർഷെയുടെ സ്പോർട്സ് കാറാണ് താരം സ്വന്തമാക്കിയത്. പോർഷെ 911 ജിടി 3 ടൂറിങ് മാനുവൽ ഗിയർബോക്സാണ് താരം സ്വന്തമാക്കിയത്. മാനുവൽ ഗിയർബോക്സ് കാറുകൾ ഇഷ്ടപ്പെടുന്ന ആളുകൾ മാത്രമേ പോർഷെ 911 മാനുവൽ മോഡൽ വാങ്ങാറുള്ളൂ.

ഏകദേശം 3.20 കോടി രൂപയാണ് ഇന്ത്യയിൽ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഉടമകളുടെ താത്പര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇതിനനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. എന്നാൽ താരം സ്വന്തമാക്കിയ വാഹനത്തിൽ ഏതു തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.