നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് രാവിലെയായിരുന്നു ചർച്ച.

നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമ സംഘടനകൾ വ്യക്തമാക്കി. എന്നാൽ, നിരക്ക് വർധന എന്ന് നിലവിൽ വരും എന്നത് സംബന്ധിച്ച് വ്യക്തതയില്ല. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥി നിരക്ക് ആറ് രൂപയാക്കണം, കിലോമീറ്റർ നിരക്ക് 1.10 രൂപയായി വർധിപ്പിക്കണം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

നേരത്തെ സമരം അതിജീവന പോരാട്ടമാണെന്ന് ബസുടമകൾ വ്യക്തമാക്കിയിരുന്നു. സർക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായി മന്ത്രി ചിത്രീകരിക്കുന്നു. ഗതാഗത വകുപ്പ് മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിതെന്നും ഉടമകൾ പറഞ്ഞിരുന്നു.

അതേസമയം, നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും ബസുടമകൾ സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. മാർച്ച് 30ന് എൽ.ഡി.എഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വർധനവിൽ തീരുമാനമെടുക്കാൻ സാധിക്കുവെന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.