അസമില്‍ ഗോവധത്തിന്​ നിരോധനം ; 8 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ശിക്ഷ

ഗുവാഹതി: അസം നിയമസഭയില്‍ പാസാക്കിയ ഗോവധ നിരോധന നിയമ പ്രകാരമുള്ള പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയുമാക്കി . മാംസ ഉപയോഗം, ഇറച്ചി കടത്തല്‍, അറവ്​ നിയന്ത്രണം,അനുമതി കൂടാതെയുള്ള കശാപ്പ്​ എന്നിവക്കൊക്കെ വന്‍ പിഴ കൂട്ടി​ക്കൊണ്ടാണ് കഴിഞ്ഞ ദിവസം​ ബില്‍ പാസാക്കിയത്​.

പ്രതിപക്ഷ പ്രതിഷേധം മറി കടന്നാണ് അസം നിയമസഭ ഗോവധ നിരോധന ബില്‍ പാസാക്കിയത്. ബില്‍ സെലക്​ട്​ കമ്മിറ്റിക്ക്​ വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ അവര്‍ സഭ വിട്ടു. തുടര്‍ന്നാണ്​ ബില്‍ പാസാക്കിയത്​. ഹിന്ദു, ജൈന, സിഖ്​ തുടങ്ങി ബീഫ്​ കഴിക്കാത്ത ജനവിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്​ഥലങ്ങളില്‍ കശാപ്പിനും മാംസ വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും അഞ്ച്​ കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ബാധകമാക്കി.

‘അസം ഗോ സംരക്ഷണ ബില്‍, 2021 ‘പാസായതായി സ്​പീക്കര്‍ ബിശ്വജിത്​ പ്രഖ്യാപിച്ചതോടെ, ഭാരത്​ മാതാ കീ ജയ്​, ജയ്​ ശ്രീറാം വിളികളോടെ​ ബി.ജെ.പി അംഗങ്ങള്‍ ഡസ്​കിലടച്ച്‌​ സന്തോഷം പ്രകടിപ്പിച്ചു .സഭയിലെ ഏക സ്വതന്ത്ര എം.എല്‍.എയായ അഖില്‍ ഗൊഗോയിയും ബില്‍ പരിഗണനക്ക്​ എടുത്തതില്‍ പ്രതിഷേധിച്ച്‌​ സഭവിട്ടു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്​, എ.ഐ.യു.ഡി.എഫ്​, സി.പി.എം എന്നിവര്‍ ബില്‍ സെലക്​റ്റ്​ കമ്മിറ്റിക്ക്​ വിടാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കാറ്റില്‍ പറത്തിയാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ്​ ശര്‍മ ബില്‍ അവതരിപ്പിച്ചത്​.

ബീഫിന് ​ നിരോധനം ഏര്‍പ്പെടുത്തുകയല്ല ചെയ്​തത്​ മറിച്ച്‌​ മറ്റുള്ളവരുടെ മതവികാരങ്ങള്‍കൂടി പരിഗണിക്കണമെന്നതാണ്​ ലക്ഷ്യമിടുന്നതെന്ന്​ അദ്ദേഹം അവകാശപ്പെട്ടു. മതമൈത്രി ഹൈന്ദവരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു . ബില്ലില്‍നിന്ന്​ പോത്ത്​ എന്ന വാക്ക്​ നീക്കണമെന്ന അമിനുല്‍ ഇസ്​ലാം എം.എല്‍.എയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്​തു. ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയില്‍ അറവ് നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, ക്ഷേത്രങ്ങള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അറവ് നിരോധനം ഏര്‍പ്പെടുത്തിയത് എതിര്‍ക്കുന്നുവെന്നും അമിനുല്‍ ഇസ്​ലാം എം.എല്‍.എ ചൂണ്ടിക്കാട്ടി .