സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരിക്കാനെത്തിയ സിപിഎം നേതാക്കളെ ആട്ടി പായിച്ച് നാട്ടുകാര്‍

ചെങ്ങന്നൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോകുന്ന വെണ്‍മണി പുന്തലയില്‍ വിശദീകരണത്തിന് എത്തിയ സിപിഎം നേതാക്കളെ ആട്ടി പായിച്ച് നാട്ടുകാര്‍. അതേസമയം ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു ലോക്കല്‍ കമ്മിറ്റി അംഗം വിശദീകരണത്തിനിടെ പറയുകയും കൂടി ചെയ്തതോടെ ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദത്തിന് വഴിയൊരുക്കി.

കഴിഞ്ഞ ദിവസം വെണ്‍മണി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പുന്തലയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കാനെത്തിയെ ജനപ്രതിനിധികളെയും ലോക്കല്‍ കമ്മറ്റി അംഗങ്ങളെയുമാണ് നാട്ടുകാര്‍ തുരത്തിയത്. തങ്ങള്‍ക്ക് ഒരു ന്യായീകരണവും കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്നും നാട്ടുകാര്‍ നേതാക്കളോട് പറഞ്ഞു. ഇനി അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീട് വിട്ടിറങ്ങാം എന്നും ചിലര്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാന്‍ നാട്ടുകാര്‍ തയ്യാറായില്ല. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എത്തിയതാണ് തങ്ങള്‍ എന്ന് പറഞ്ഞ് നേതാക്കള്‍ തടിതപ്പി. രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താന്‍ എന്നു ലോക്കല്‍ കമ്മിറ്റി അംഗം പറയുന്നുമുണ്ട്.

വെണ്‍മണി പഞ്ചായത്തില്‍ 1.70 കിലോമീറ്റര്‍ ദൂരത്തിലാണു ലൈന്‍ കടന്നുപോകുന്നത്. 2.06 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകും.