ജോലി ഒഴിവാക്കി ആഘോഷം നടത്താന്‍ സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം. ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് തിരുവനന്തപുരം കോര്‍പറേഷനിലെ ചാലാ സര്‍ക്കിളിലെ ഒരു വിഭാഗം സുചീകരണ തൊഴിലാളികള്‍. ജോലി ഒഴിവാക്കി ഓണം ആഘോഷിക്കുവാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അതിരുവിട്ട പ്രതിഷേധം ഇവര്‍ സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം.

കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതെവേണം ഓണാഘോഷം നടത്തുവാന്‍ എന്നെ കോര്‍പ്പറേഷന്‍ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇതെ തുടര്‍ന്ന് തൊഴിലാളികള്‍ ഓണാഘോഷം നടത്തുവാന്‍ ശ്രമിച്ചപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോലി കഴിഞ്ഞ് മതി ആഘോഷം എന്ന് നിര്‍ദേശിച്ചു. ഇതാണ് 30 പേര്‍ക്ക് കഴിക്കുവാനുള്ള സദ്യ എയറോബിക് ബിന്നില്‍ ഉപേക്ഷിക്കുവാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്.

ശൂചികരണ ജോലി കഴിഞ്ഞെത്തിയ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം തൊഴിലാളികളാണ് സദ്യ നശിപ്പിച്ചത്. ഓണാഘോഷം തടയുവാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് യൂണിയന്റെ വിശദീകരണം.

ഒരു നേരത്തെ ഭക്ഷണത്തിനായി നിരവധി പേര്‍ കാത്തിരിക്കുമ്പോഴാണ് ഇത്തരത്തില്‍ ധിക്കാരം നിറഞ്ഞ പ്രതിഷേധമെന്ന് വിമര്‍ശനം ഉയര്‍ന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സര്‍ക്കിള്‍ ഓഫീസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം.