സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തില്‍ തീപിടിത്തം; നിർണ്ണായക ഫയലുകള്‍ കത്തിനശിച്ചു

.തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. പ്രോട്ടോകോൾ വിഭാഗം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ ഓഫിസിൽ 4.45ഓടെയാണ് തീപിടുത്തമുണ്ടായത്. ചെങ്കൽചൂളയിൽനിന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. കത്തിനശിച്ച ഫയലുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്. സർക്കാർ ഗസ്റ്റ്ഹൗസുകളിൽ മുറി ബുക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട് തീർപ്പാക്കിയ ഫയലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പ്രധാന ഫയലുകൾ ഇവിടെ സൂക്ഷിക്കാറില്ലെന്നും അവ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം സ്വർണക്കടത്തു കേസിലെ നിർണായക രേഖകൾ നശിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു. സംഭവത്തിൽ സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.